---
title: "നീറ്റ് പരീക്ഷ ക്രമക്കേട്: കേന്ദ്ര മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നടപടി"
english_title: "Cancellation of NEET exam Prohibitory orders declared in Delhi’s Education Ministry premises"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358974/cancellation-of-neet-exam-prohibitory-orders-declared-in-delhis-education-ministry-premises"
published_at: "2026-05-12T17:30:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a03170c4e8db_neet_exam_.jpg"
keywords: []
---

# നീറ്റ് പരീക്ഷ ക്രമക്കേട്: കേന്ദ്ര മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നടപടി

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്.

## Article Content

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്.

നീറ്റ് പരീക്ഷയിൽ വൻതട്ടിപ്പാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. നാസിക്കിലാണ് ഗൂഢാലോചനയുടെ തുടക്കം. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഡൽഹി, ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

മെയ് മൂന്നിന് നടന്ന നീറ്റ് യു.ജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ അന്വേഷണം നടത്തും. പരീക്ഷ നടപടികളിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ. അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കടുത്ത അഡ്വ. ഹാരിസ് ബീരാൻ എം.പി കത്തയച്ചു. രാജ്യത്തെ 22.7 ലക്ഷം വിദ്യാർഥികളുടെ ആയുഷ്‌കാല സ്വപ്നങ്ങളാണ് അപകടത്തിലായിരിക്കുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യം രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെയും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെയും നടപടി പ്രതിഷേധാർഹമാണ്. രാജസ്ഥാനിൽ പരീക്ഷാ പേപ്പർ ചോർന്നുവെന്നത് കേവലം ഒരു സാങ്കേതിക പിഴവ് എന്നതിനപ്പുറം പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ തുടർച്ചയാണ്.

ഇടക്കിടെ പരീക്ഷകൾ റദ്ദാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നതെന്നും ഹാരിസ് ബീരാൻ എം.പി സൂചിപ്പിച്ചു. എൻ.ടി.എയുടെ വിശ്വാസ്യത തകർന്നിരിക്കുന്നു. അതിനാൽ സി.ബി.ഐ അന്വേഷണം കൊണ്ടുമാത്രം വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാനാവില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358974/cancellation-of-neet-exam-prohibitory-orders-declared-in-delhis-education-ministry-premises)