---
title: "നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ കുരുക്ക്; നീറ്റ് പുനഃപരീക്ഷയ്ക്കുള്ള നടപടികൾ തുടങ്ങി"
english_title: "NEET re-examination process begins"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358964/neet-re-examination-process-begins"
published_at: "2026-05-12T16:41:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a030b5138119_19.jpg"
keywords: []
---

# നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ കുരുക്ക്; നീറ്റ് പുനഃപരീക്ഷയ്ക്കുള്ള നടപടികൾ തുടങ്ങി

> **Lead Summary:** **ന്യൂഡൽഹി:[ **മെയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

## Article Content

**ന്യൂഡൽഹി:[ **മെയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

പരീക്ഷാ നടത്തിപ്പിൽ സംഘടിതമായ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നും പരീക്ഷയ്ക്ക് മുൻപേ 'ഗസ് പേപ്പർ' പ്രചരിക്കാനിടയായ സാഹചര്യം എങ്ങനെയാണെന്നും സിബിഐ വിശദമായി പരിശോധിക്കും.

അന്വേഷണത്തിന്റെ ഭാഗമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പക്കലുള്ള എല്ലാ രേഖകളും ഡാറ്റകളും സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. അച്ചടിച്ച പ്രസ്സിൽ നിന്ന് ചോദ്യപേപ്പർ ചോർന്നോ എന്നതടക്കമുള്ള ഗൗരവകരമായ ആരോപണങ്ങളാണ് കേന്ദ്ര ഏജൻസി പ്രധാനമായും അന്വേഷിക്കുക.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷാ ഫലത്തെക്കുറിച്ച് ആശങ്ക ഉയർന്നതോടെ പുനഃപരീക്ഷയ്ക്കുള്ള നടപടികളും എൻടിഎ ആരംഭിച്ചു. വീണ്ടും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പുതിയ രജിസ്‌ട്രേഷനോ ഫീസോ ആവശ്യമില്ലെന്നും റദ്ദാക്കിയ പരീക്ഷയുടെ ഫീസ് തിരിച്ചുനൽകുമെന്നും അധികൃതർ വ്യക്തമാക്കി.

പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഗസ് പേപ്പറിലെ 120 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിലും അതേപടി വന്നതാണ് ക്രമക്കേട് സ്ഥിരീകരിക്കാൻ കാരണമായത്. രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു.

പരീക്ഷാ നടത്തിപ്പ് സുതാര്യമാണെന്ന എൻടിഎയുടെ അവകാശവാദങ്ങൾ നിലനിൽക്കെത്തന്നെയാണ് ഇപ്പോൾ സിബിഐ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്താൻ സർക്കാർ നീക്കം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358964/neet-re-examination-process-begins)