---
title: "സ്മാർട്ട്‌ഫോൺ ലോകത്തെ ഞെട്ടിക്കാൻ വിവോ; 10,000 mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗുമായി പുതിയ വിവോ വൈ600 പ്രോ"
english_title: "Vivo to shock the smartphone world; New Vivo Y600 Pro with 10,000 mAh battery and 90W fast charging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358963/vivo-to-shock-the-smartphone-world-new-vivo-y600-pro-with-10000-mah-battery-and-90w-fast-charging"
published_at: "2026-05-12T16:36:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a030a26de1b6_Vivo_to_shock_the_smartphone_world.jpg"
keywords: []
---

# സ്മാർട്ട്‌ഫോൺ ലോകത്തെ ഞെട്ടിക്കാൻ വിവോ; 10,000 mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗുമായി പുതിയ വിവോ വൈ600 പ്രോ

> **Lead Summary:** ബെയ്‌ജിങ്: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ 'വൈ600 പ്രോ' വിപണിയിലിറക്കുന്നു. 10,000 mAh-ന്റെ കരുത്തുറ്റ ബാറ്ററിയുമായാണ് ഈ മോഡൽ എത്തുന്നത് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മുൻഗാമിയായ വൈ500 പ്രോയിൽ 7,000 mAh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, പഴയ മോഡലിലെ 200 മെഗാപിക്‌സൽ പ്രൈമറി ക്യാമറയ്ക്ക് പകരം 50 എംപി സെൻസറാകും പുതിയ വൈ600 പ്രോയിൽ വിവോ ഉൾപ്പെടുത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

ബെയ്‌ജിങ്: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ 'വൈ600 പ്രോ' വിപണിയിലിറക്കുന്നു. 10,000 mAh-ന്റെ കരുത്തുറ്റ ബാറ്ററിയുമായാണ് ഈ മോഡൽ എത്തുന്നത് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മുൻഗാമിയായ വൈ500 പ്രോയിൽ 7,000 mAh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, പഴയ മോഡലിലെ 200 മെഗാപിക്‌സൽ പ്രൈമറി ക്യാമറയ്ക്ക് പകരം 50 എംപി സെൻസറാകും പുതിയ വൈ600 പ്രോയിൽ വിവോ ഉൾപ്പെടുത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവോ വൈ600 പ്രോ സവിശേഷതകള്‍

ലോഞ്ചിന് മുന്നോടിയായി വിവോ വൈ600 പ്രോയുടെ ഡിസൈനും പ്രധാന ഫീച്ചറുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം, 50-മെഗാപിക്‌സല്‍ പ്രധാന ക്യാമറ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സെക്കന്‍ഡറി ക്യാമറയുടെ സവിശേഷതകള്‍ വ്യക്തമല്ല. ക്യാമറ മൊഡ്യൂളിന് സമീപം എല്‍ഇഡി ഫ്ലാഷും കാണാം. 1.5കെ റെസലൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള 6.67-ഇഞ്ച് ഡിസ്‌പ്ലെയാണ് വിവോ വൈ600 പ്രോ ഫോണില്‍ പ്രതീക്ഷിക്കുന്നത്. 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുന്നതായിരിക്കും 10,000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററി. മീഡിയടെക് ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റായിരിക്കും വിവോ വൈ600 പ്രോയുടെ മസ്‌തിഷ്‌കം.

വിവോ വൈ600 പ്രോ പുറത്തിറങ്ങുന്ന തീയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചൈനയില്‍ ഫോണ്‍ ഈ മെയ് മാസത്തില്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് വിവരം. മീഡ്-റേഞ്ച് ഫോണ്‍ പ്രേമികളെ ആകര്‍ഷിക്കുന്ന തരത്തില്‍ 1,799 യുവാനായിരിക്കും (ഏകദേശം 25,000 രൂപ) വിവോ വൈ600 പ്രോയുടെ വിലയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. നിലവില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ദൃശ്യമായ മെമ്മറി, ചിപ്‌സെറ്റ് പ്രതിസന്ധി ഫോണിന്‍റെ വില വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

വിവോ വൈ500 പ്രോ

കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്‌ത വിവോ വൈ500 പ്രോ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും സഹിതമുള്ള 6.67-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ ഫോണായിരുന്നു. ഈ ഫോണിലുണ്ടായിരുന്നതും മീഡിയടെക് ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റായിരുന്നു. ഒഐഎസ് പിന്തുണയോടെയുള്ള 200-മെഗാപിക്‌സല്‍ റിയര്‍ ക്യാമറയായിരുന്നു ഫോണിന്‍റെ പ്രധാന ആകര്‍ഷണം. വീഡിയോ കോളിംഗിനും സെല്‍ഫിക്കുമായുണ്ടായിരുന്നത് 32-എംപി ഫ്രണ്ട് ക്യാമറയും. 7,000 എംഎഎച്ച് ബാറ്ററിയെ പിന്തുണച്ചിരുന്നത് 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358963/vivo-to-shock-the-smartphone-world-new-vivo-y600-pro-with-10000-mah-battery-and-90w-fast-charging)