---
title: "ദാഹിച്ചപ്പോൾ വെള്ളം കുടിച്ചു, പകരം കിട്ടിയത് ക്രൂരമർദനം; ഉത്തരാഖണ്ഡിൽ വിവാഹച്ചടങ്ങിനിടെ ദളിത് സഹോദരങ്ങൾക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്"
english_title: "Dalit brothers attacked during wedding ceremony in Uttarakhand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358960/dalit-brothers-attacked-during-wedding-ceremony-in-uttarakhand"
published_at: "2026-05-12T16:26:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a030862e0127_Dalit_brothers_attacked_during_wedding_ceremony_in_Uttarakhand.jpg"
keywords: []
---

# ദാഹിച്ചപ്പോൾ വെള്ളം കുടിച്ചു, പകരം കിട്ടിയത് ക്രൂരമർദനം; ഉത്തരാഖണ്ഡിൽ വിവാഹച്ചടങ്ങിനിടെ ദളിത് സഹോദരങ്ങൾക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്

> **Lead Summary:** ദില്ലി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്റെ പേരിൽ ദളിത് യുവാക്കൾക്ക് ക്രൂരമർദനമേറ്റതായി പരാതി. ഗൗലാപാർ മേഖലയിലെ ദേവൽ മല്ല ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

## Article Content

ദില്ലി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്റെ പേരിൽ ദളിത് യുവാക്കൾക്ക് ക്രൂരമർദനമേറ്റതായി പരാതി. ഗൗലാപാർ മേഖലയിലെ ദേവൽ മല്ല ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

വിവാഹവേദിയിൽ ഡിജെ നിയന്ത്രിക്കുകയായിരുന്ന ശുഭം എന്ന യുവാവ് സമീപത്തിരുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതാണ് മർദനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഇതിനെത്തുടർന്ന് ജാതി അധിക്ഷേപം നടത്തുകയും ശുഭത്തെയും സഹോദരൻ ഉമേഷ് ചന്ദ്രയെയും ഒരു സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു.

ഉമേഷിന്റെ പരാതിപ്രകാരം ഏകദേശം പത്ത് പേർ ചേർന്ന് ശുഭത്തെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപെടാൻ ശ്രമിച്ച ഉമേഷിനും മർദനമേറ്റതായും തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് പ്രതികൾക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, മറുവിഭാഗവും പരാതിയുമായി രംഗത്തെത്തി. ജാതിപരമായ അധിക്ഷേപം നടന്നെന്ന ആരോപണം വ്യാജമാണെന്നാണ് അവരുടെ വാദം.

കേസില്‍ ചിലരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് പിന്നാലെ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358960/dalit-brothers-attacked-during-wedding-ceremony-in-uttarakhand)