---
title: "'വെളുത്ത പുക ഉടന്‍ ഉയരും, മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു' - തുറന്ന് പറഞ്ഞ് സണ്ണി ജോസഫ്"
english_title: "the delay in the chief ministers decision is a setback for the udf said sunny joseph"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358897/the-delay-in-the-chief-ministers-decision-is-a-setback-for-the-udf-said-sunny-joseph"
published_at: "2026-05-12T12:28:00+05:30"
category: "Politics"
language: "ml"
image: "https://truevisionnews.com/image-uploads/6a02d02fc3bb5_sunny_joseph.jpg"
keywords: []
---

# 'വെളുത്ത പുക ഉടന്‍ ഉയരും, മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു' - തുറന്ന് പറഞ്ഞ് സണ്ണി ജോസഫ്

> **Lead Summary:** ന്യൂഡൽഹി: മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് വൈകിട്ടെത്തും. തീരുമാനം എടുത്ത ശേഷം മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

ന്യൂഡൽഹി: മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് വൈകിട്ടെത്തും. തീരുമാനം എടുത്ത ശേഷം മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.

തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നുണ്ട്.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണ്. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായം തേടി. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും സംസാരിക്കും. അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം.

കെ സി വേണു​ഗോപാലുമായി ഖർഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ​ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖർ​ഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്. ചര്‍ച്ചകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും സംസാരിച്ചിരുന്നു. ലീഗിന്‍റെ നിലപാടും, സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു.

അവസാനവട്ട ചര്‍ച്ചകളിലും കെസി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നും, വി ഡി സതീശനും, രമേശ് ചെന്നിത്തലക്കും ഒറ്റയക്കമാണെന്നുമാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലുള്ളത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപകാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. ബുധനാഴ്ചയോടെ തീരുമാനം വന്നേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358897/the-delay-in-the-chief-ministers-decision-is-a-setback-for-the-udf-said-sunny-joseph)