---
title: "നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം, വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; ഏഴ് പേർക്ക് പരിക്ക്"
english_title: "two malayali siblings dead in tragic road accident near krishnagiri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358832/two-malayali-siblings-dead-in-tragic-road-accident-near-krishnagiri"
published_at: "2026-05-12T07:44:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a028d35b23ec_accident.jpg"
keywords: []
---

# നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം, വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** ) ** ടയർമാറ്റാൻ റോഡ് അരികിൽ നിർത്തിയ കാറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു. 7 പേർക്കു പരിക്കേറ്റു. ബെംഗളൂരു–സേലം പാതയിൽ (എൻഎച്ച് 844) കൃഷ്ണഗിരിക്കു സമീപമായിരുന്നു അപകടം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ , സഹോദരൻ ദീപക് എന്നിവരാണു മരിച്ചത്.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** ) ** ടയർമാറ്റാൻ റോഡ് അരികിൽ നിർത്തിയ കാറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു. 7 പേർക്കു പരിക്കേറ്റു. ബെംഗളൂരു–സേലം പാതയിൽ (എൻഎച്ച് 844) കൃഷ്ണഗിരിക്കു സമീപമായിരുന്നു അപകടം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ , സഹോദരൻ ദീപക് എന്നിവരാണു മരിച്ചത്.

ദിവ്യയുടെയും ദീപക്കിന്റെയും അച്ഛൻ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ രവീന്ദ്രൻ (59), ഭാര്യ പാർവതി (53), ഇവരുടെ മറ്റൊരു മകൾ രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), അമ്മ സരോജിനി (68), ദിവ്യ – വിനീത് ദമ്പതികളുടെ മക്കളായ അഭിൻദേവ് (12), അഖിൽദേവ് (9) എന്നിവർക്കാണു പരിക്ക്. സരോജിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ 4ന് കുറുവരപള്ളിയിലായിരുന്നു അപകടം.

ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ 9 അംഗ സംഘം നാട്ടിലേക്കു മടങ്ങുന്നതിനിടെ കാറിന്റെ പഞ്ചറായ ടയർ മാറ്റാനാണ് നിർത്തിയിട്ടത്. ടയർ മാറ്റിയ ശേഷം യാത്ര പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണു പിന്നിൽ ലോറി ഇടിച്ചത്. ദിവ്യയും ദീപക്കും കാറിൽ കയറാനായി പുറത്തു നിൽക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ലോറി പാഞ്ഞുകയറിയതിനെ തുടർന്ന് അടിയിൽ കുടുങ്ങിയ ഇരുവരും തൽക്ഷണം മരിച്ചു.

വിനീതിന് കാലിന് ഗുരുതരമായി പരുക്കേറ്റു. കാർ പൂർണമായി തകർന്നു. കൃഷ്ണഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഹൊസൂർ കൈരളി സമാജം പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. കുറുവരപള്ളി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358832/two-malayali-siblings-dead-in-tragic-road-accident-near-krishnagiri)