---
title: "കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ ആക്രമണം, സൈഡ് ഗ്ലാസ് തകർത്ത് യുവാവ് കടന്നുകളഞ്ഞു; ഡ്രൈവർക്ക് പരിക്ക്"
english_title: "Attack on KSRTC bus heading to Kozhikode, youth breaks side window and escapes driver injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358821/attack-on-ksrtc-bus-heading-to-kozhikode-youth-breaks-side-window-and-escapes-driver-injured"
published_at: "2026-05-12T06:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a027aaaa5a48_attack.jpg"
keywords: []
---

# കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ ആക്രമണം, സൈഡ് ഗ്ലാസ് തകർത്ത് യുവാവ് കടന്നുകളഞ്ഞു; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** കൊച്ചി : തിരക്കേറിയ ആലുവ ബൈപ്പാസിൽ കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസിന് നേരെ യുവാവിന്റെ ആക്രമണം. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബസ്സിന്റെ സൈഡ് ഗ്ലാസ് തകരുകയും ചില്ലുകൾ തെറിച്ച് വീണ് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

## Article Content

കൊച്ചി : തിരക്കേറിയ ആലുവ ബൈപ്പാസിൽ കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസിന് നേരെ യുവാവിന്റെ ആക്രമണം. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബസ്സിന്റെ സൈഡ് ഗ്ലാസ് തകരുകയും ചില്ലുകൾ തെറിച്ച് വീണ് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

ആലുവ ബൈപ്പാസിന് സമീപം വച്ച് ബൈക്കിലെത്തിയ യുവാവ് ബസ്സിന് സമാന്തരമായി യാത്ര ചെയ്തുകൊണ്ട് സൈഡ് ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. ഗ്ലാസ് തകർന്ന് ചില്ലുകൾ ഡ്രൈവറുടെ ദേഹത്തേക്ക് തെറിച്ചുവീണു. പരുക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. ബൈപ്പാസിലെ കനത്ത തിരക്കിനിടയിലാണ് ആക്രമണം നടന്നത് എന്നതിനാൽ വലിയൊരു അപകടം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് യാത്രക്കാർ പ്രതികരിച്ചു.

സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന് അക്രമിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ബൈക്കിൽ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക സൂചനകളുണ്ട്.

ആക്രമണത്തെത്തുടർന്ന് ബൈപ്പാസിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആലുവ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞാൽ മാത്രമേ ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തിൽപ്പെട്ട ബസ്സിലെ മുഴുവൻ യാത്രക്കാരെയും മറ്റൊരു കെഎസ്ആർടിസി ബസ്സിൽ കോഴിക്കോട്ടേക്ക് യാത്രയാക്കി. പൊതുമുതൽ നശിപ്പിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358821/attack-on-ksrtc-bus-heading-to-kozhikode-youth-breaks-side-window-and-escapes-driver-injured)