---
title: "മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായക ​യോ​ഗം; മുതിർന്ന നേതാക്കൾ ദില്ലിയിൽ, കെസിക്ക് മുൻതൂക്കം"
english_title: "kerala cm discussions congress high command crucial meeting in delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358815/kerala-cm-discussions-congress-high-command-crucial-meeting-in-delhi"
published_at: "2026-05-12T06:00:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a0275916d43d_cm.jpg"
keywords: []
---

# മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായക ​യോ​ഗം; മുതിർന്ന നേതാക്കൾ ദില്ലിയിൽ, കെസിക്ക് മുൻതൂക്കം

> **Lead Summary:** ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം.

## Article Content

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം.

ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും. പ്രഖ്യാപനം വൈകുന്നതില്‍ വിമര്‍ശനം ശക്തമായതോടെ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇന്നലെയാണ് മുതിർന്ന നേതാക്കൾക്ക് ദില്ലിയിൽ നിന്ന് വിളി വന്നത്. കെസി വേണു​ഗോപാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെയാണ് ഹൈക്കമാൻഡിൻ്റെ നീക്കം ഉണ്ടായത്.

അതേസമയം സർക്കാർ രൂപവത്കരണം വൈകുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്ക് അപ്പുറമുള്ള ഭരണനടപടികൾ അവതാളത്തിലായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയിട്ട് ആറുദിവസമായെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്ന അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും സർക്കാർ പ്രവർത്തനം.

വിദ്യാഭ്യാസ വകുപ്പിലും പോലീസിലും സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ നടക്കാത്തത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സർക്കാർ അധികാരമേൽക്കാത്തതിനാൽ വകുപ്പ് സെക്രട്ടറിമാരും കാര്യമായ തീരുമാനങ്ങൾ എടുക്കുന്നില്ല. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

തിരഞ്ഞെടുപ്പിനുമുൻപ് ഇൻസ്പെക്ടർ മുതൽ താഴോട്ടുള്ള പോലീസുദ്യോഗസ്ഥരെ വിവിധ ജില്ലകളിലേക്ക് സ്ഥലംമാറ്റിയത് തിരഞ്ഞെടുപ്പ് നടപടി പൂർത്തിയാകുമ്പോൾ തിരികെ നിയമിക്കാറുമുണ്ട്. ഇക്കുറി അതുപോലും നടന്നിട്ടില്ല. ജില്ലാതലങ്ങളിൽ ചെറിയ സ്ഥലം മാറ്റങ്ങളുണ്ടായെങ്കിലും പ്രതിഷേധമുയർന്നതോടെ ചിലയിടങ്ങളിൽ അത് റദ്ദാക്കി.

ഈ സാഹചര്യത്തിൽ സർക്കാർ അധികാരത്തിലെത്തിയശേഷംമാത്രം സ്ഥലംമാറ്റങ്ങൾ നടത്തിയാൽ മതിയെന്ന് പോലീസ് ആസ്ഥാനത്തുനിന്ന് നിർദേശമുണ്ടെന്നും വിവരമുണ്ട്.

സാങ്കേതിക വിദ്യാഭ്യാസം, റവന്യു, സഹകരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ജില്ലാതലത്തിൽ നാമമാത്ര സ്ഥലംമാറ്റങ്ങൾ നടന്നുകഴിഞ്ഞു. ഭരണസൗകര്യത്തിന് വേണ്ടിയാണെന്നാണ് ചൂണ്ടിക്കാട്ടുന്നതെങ്കിലും രാഷ്ട്രീയാടിസ്ഥാനത്തിലുള്ള മാറ്റങ്ങളാണിവ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാറ്റം ലഭിച്ച പല ഉദ്യോഗസ്ഥരും വീണ്ടും മാറ്റമുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിൽ കാര്യമായ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

സെക്രട്ടറിമാരും ഡയറക്ടർമാരും വഴിയുള്ള ദൈനംദിന പ്രവർത്തനങ്ങൾ മാത്രമാണ് വിവിധ വകുപ്പുകളിൽ നടക്കുന്നത്. കാവൽസർക്കാരുണ്ടെങ്കിലും സർക്കാർ അനുമതിയാവശ്യമുള്ള തീരുമാനങ്ങൾക്കൊന്നും ഉദ്യോഗസ്ഥർ മുതിരുന്നില്ല. ചില വകുപ്പുകളിൽ ഡയറക്ടർമാരും സെക്രട്ടറിമാരും അവധിയിലാണെന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.

കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ നടപടികളുമായി മുന്നോട്ടുപോകാനും മുതിർന്ന ഉദ്യോഗസ്ഥർ മുതിരുന്നില്ല. വിദ്യാഭ്യാസ വകുപ്പിലാകട്ടെ, വിദ്യാഭ്യാസ-ധനമന്ത്രിമാരുടെ ഇടപെടൽ ഉണ്ടാകേണ്ട കാര്യങ്ങൾ ഉദ്യോഗസ്ഥതലത്തിൽ ചെയ്യുന്നുണ്ടെങ്കിലും പുരോഗതിയുണ്ടാകുന്നില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സെക്രട്ടറിമാർ തീരുമാനങ്ങൾ കൈക്കൊള്ളാത്തതിനാൽ സ്ഥാനക്കയറ്റം ലഭിക്കാതെ ഉദ്യോഗസ്ഥർ വിരമിക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358815/kerala-cm-discussions-congress-high-command-crucial-meeting-in-delhi)