---
title: "'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല'; വിമര്‍ശനവുമായി  ആനി രാജ"
english_title: "Annie Raja criticizes why a woman is not being considered for the post of Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358804/annie-raja-criticizes-why-a-woman-is-not-being-considered-for-the-post-of-chief-minister"
published_at: "2026-05-11T21:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01fbb6c5c2f_annie.jpg"
keywords: []
---

# 'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല'; വിമര്‍ശനവുമായി  ആനി രാജ

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ പുരുഷന്മാരുടെ മാത്രം പേരുകള്‍ വരുന്നതില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ പുരുഷന്മാരുടെ മാത്രം പേരുകള്‍ വരുന്നതില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരിഗണിക്കാത്തതെന്ന് ആനി രാജ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ വെറും രണ്ടോ മുന്നോ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയത്തില്‍ പരിചയ സമ്പത്തുള്ള ഒട്ടേറെ സ്ത്രീകള്‍ വിജയിച്ച് വന്നിട്ടുണ്ടെന്ന് ആനി രാജ കൂട്ടിച്ചേര്‍ത്തു. 'ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണിത്.

പുരുഷന്മാരെ മാത്രം ചുറ്റിപ്പറ്റി ചര്‍ച്ച നടക്കുമ്പോഴാണ് എങ്ങും എത്താത്തത്. അവര്‍ക്കെല്ലാം മുഖ്യമന്ത്രിയാകണം. രാഹുല്‍ ഗാന്ധി പറഞ്ഞതാണ് വനിതാ മുഖ്യമന്ത്രി വേണമെന്ന്', ആനി രാജ പറഞ്ഞു.

ഇടതുപക്ഷവും ഉയര്‍ന്ന പദവികളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശൈലജ ടീച്ചറെ പോലെയുള്ള നേതാക്കളുണ്ടായിട്ടും ഇടതുപക്ഷം ഇക്കാര്യത്തില്‍ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് പാര്‍ട്ടി വേദികളില്‍ പരിശോധിക്കപ്പെടേണ്ടതാണെന്നാണ് ആനി രാജ പ്രതികരിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്ന് ആനി രാജ പറഞ്ഞു. മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിച്ച് സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും ആനി രാജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358804/annie-raja-criticizes-why-a-woman-is-not-being-considered-for-the-post-of-chief-minister)