---
title: "പയ്യന്നൂരിലെ ഏരിയാ നേതാക്കള്‍ക്കെതിരെ സൈബര്‍ പ്രചരണം; നിയമ നടപടിക്ക് ഒരുങ്ങി സിപിഐഎം"
english_title: "Cyber ​​propaganda against area leaders in Payyannur, CPM prepares for legal action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358801/cyber-propaganda-against-area-leaders-in-payyannur-cpm-prepares-for-legal-action"
published_at: "2026-05-11T20:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01f3ca8dc84_cpim.jpg"
keywords: []
---

# പയ്യന്നൂരിലെ ഏരിയാ നേതാക്കള്‍ക്കെതിരെ സൈബര്‍ പ്രചരണം; നിയമ നടപടിക്ക് ഒരുങ്ങി സിപിഐഎം

> **Lead Summary:** **കണ്ണൂര്‍: **പയ്യന്നൂരിലെ ഏരിയാ നേതാക്കള്‍ക്കെതിരെ സൈബര്‍ പ്രചരണം നടക്കുന്നുവെന്നാരോപിച്ച് നിയമ നടപടിക്ക് ഒരുങ്ങി സിപിഐഎം.

## Article Content

**കണ്ണൂര്‍: **പയ്യന്നൂരിലെ ഏരിയാ നേതാക്കള്‍ക്കെതിരെ സൈബര്‍ പ്രചരണം നടക്കുന്നുവെന്നാരോപിച്ച് നിയമ നടപടിക്ക് ഒരുങ്ങി സിപിഐഎം.

പയ്യന്നൂരിലെ പരാജയത്തില്‍ നേതാക്കളുടെ ചിത്രം ഉപയോഗിച്ച് കള്ള പ്രചരണം നടത്തുന്നുവെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കി.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും ഫലത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും വ്യാജ പ്രചരണം നടക്കുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

'പയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും വ്യാജ ഐഡികള്‍ ഉപയോഗിച്ച് നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബര്‍ പ്രചരണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. അത്തരം പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരം പ്രചരണങ്ങളില്‍ കുടുങ്ങി പോകരുത്', സിപിഐഎം പറഞ്ഞു.

ബിഹാറിലും മറ്റും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് പരാജയത്തിന് ഉത്തരവാദികള്‍ പാര്‍ട്ടി നേതാക്കളാണെന്ന മട്ടില്‍ ഫോട്ടോ സഹിതം ഉപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇത് അത്യന്തം അപലപനീയമാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഹീനമായ വ്യക്തിഹത്യ നടത്തിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ സംഘമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

'ഇവ വ്യാപകമായി വ്യാജ ഐഡികളിലൂടെയും മറ്റും പ്രചരിപ്പിച്ചു. പരാജയത്തിനുശേഷം ഇത്തരം പ്രചരണങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരായി മാറി. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പാര്‍ട്ടി ഐക്യത്തെ തകര്‍ക്കാനുള്ള എതിരാളികളുടെ ഗൂഢ നീക്കമാണിത്. ഇക്കാര്യം പാര്‍ട്ടി ബന്ധുക്കളും സഖാക്കളും തിരിച്ചറിയണം.

വ്യാജ ഐഡികള്‍ വഴി സിപിഐഎമ്മിനും പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ പ്രചരണങ്ങള്‍ക്കെതിരെ പാര്‍ട്ടി നിയമ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്', ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358801/cyber-propaganda-against-area-leaders-in-payyannur-cpm-prepares-for-legal-action)