---
title: "അധികാരമേറ്റ് ഒരുദിവസത്തിന് പിന്നാലെ സ്റ്റാലിനെ നേരിൽക്കണ്ട് വിജയ്, കൈകൊടുത്തും ആലിംഗനം ചെയ്തും നേതാക്കൾ"
english_title: "Vijay meets Stalin in person a day after taking office leaders shake hands and hug"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358788/vijay-meets-stalin-in-person-a-day-after-taking-office-leaders-shake-hands-and-hug"
published_at: "2026-05-11T18:39:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a01d543d887c_777d.jpg"
keywords: []
---

# അധികാരമേറ്റ് ഒരുദിവസത്തിന് പിന്നാലെ സ്റ്റാലിനെ നേരിൽക്കണ്ട് വിജയ്, കൈകൊടുത്തും ആലിംഗനം ചെയ്തും നേതാക്കൾ

> **Lead Summary:** ടിവികെയുടെ ചരിത്ര വിജയത്തിന് ശേഷം, തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, ആദ്യമായാണ് വിജയ് സ്റ്റാലിനെ കാണാനെത്തുന്നത്. ചെന്നൈയിലെ അൽവാർപേട്ടിലുള്ള വീട്ടിൽ എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് വിജയ്‌യെ സ്വീകരിച്ചത്.

## Article Content

ടിവികെയുടെ ചരിത്ര വിജയത്തിന് ശേഷം, തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, ആദ്യമായാണ് വിജയ് സ്റ്റാലിനെ കാണാനെത്തുന്നത്. ചെന്നൈയിലെ അൽവാർപേട്ടിലുള്ള വീട്ടിൽ എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് വിജയ്‌യെ സ്വീകരിച്ചത്.

പരസ്പരം ഷാൾ അണിയിച്ച് ആലിംഗനം ചെയ്തു കൊണ്ടാണ് ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത്. രാഷ്ട്രീയ മര്യാദയോടെ തന്നെ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ആശംസകളെന്ന് എം. കെ സ്റ്റാലിൻ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചു. വിജയ്ക്ക് ഉപദേശവും സ്നേഹാശംസകളും നൽകിയെന്നും സ്റ്റാലിൻ പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സ്റ്റാലിൻ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് തന്നെ സ്റ്റാലിൻ വിജയ്ക്ക് അഭിനന്ദനം അറിയിക്കുകയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഉറപ്പു വരുത്തണമെന്നും അറിയിച്ചിരുന്നു.അധികാരമേറ്റയുടൻ ഒപ്പിട്ട ഉത്തരവുകൾക്കും എക്സ് പോസ്റ്റിലൂടെ സ്റ്റാലിൻ അഭിനന്ദനം അറിയിച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ സർക്കാർ 10 ലക്ഷം കോടി രൂപയുടെ കടം ഉണ്ടാക്കി വച്ചിട്ടുള്ളതായി വിജയ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി സർക്കാരിന് പണമില്ലെന്ന് പറയാൻ തുടങ്ങരുത്, കൈവശം പണമുണ്ട്. ജനങ്ങൾക്ക് അത് നൽകാനുള്ള ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടതെന്നായിരുന്നു എം.കെ.സ്റ്റാലിൻ്റെ പ്രതികരണം. കോവിഡ്, വെള്ളപ്പൊക്കം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളും കേന്ദ്ര ബിജെപി സർക്കാരിൻ്റെ അവഗണനയും വകവയ്ക്കാതെ, അഞ്ച് വർഷമായി ജനങ്ങൾക്കായി എണ്ണമറ്റ ക്ഷേമ പദ്ധതികൾ നടപ്പാക്കിയതായും സ്റ്റാലിൻ അവകാശപ്പെട്ടിരുന്നു.

കോൺഗ്രസിൻ്റെയും മറ്റ് സഖ്യ പാർട്ടികളുടെയും പിന്തുണയോടെയാണ് വിജയ് പുതിയ സർക്കാർ രൂപീകരിച്ചത്. മെയ് 4 ന് ഫലം വന്നതിന് ശേഷമുള്ള ദിവസങ്ങളിൽ, ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ടിവികെ. ഒടുവിൽ മെയ് 9ന് ഭൂരിപക്ഷം ഗവർണറെ ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു മെയ് 10ന് സത്യപ്രതിജ്ഞ നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358788/vijay-meets-stalin-in-person-a-day-after-taking-office-leaders-shake-hands-and-hug)