---
title: "'ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നു; മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും' -പി അബ്ദുൽ ഹമീദ്"
english_title: "If a decision is not made soon on the Chief Minister issue there will be consequences P Abdul Hamid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358747/if-a-decision-is-not-made-soon-on-the-chief-minister-issue-there-will-be-consequences-p-abdul-hamid"
published_at: "2026-05-11T14:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a019d8052f46_a_abdul.jpg"
keywords: []
---

# 'ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നു; മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും' -പി അബ്ദുൽ ഹമീദ്

> **Lead Summary:** മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും,മുഖ്യമന്ത്രിയാരാകുമെന്നതിൽ തീരുമാനം വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായ വിമർശിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്. ദില്ലിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ 50 ദിവസം എടുത്തില്ലോയെന്നൊക്കെ അണികളോട് പറഞ്ഞാൽ മുഖത്ത് അടി കിട്ടുമെന്നും, മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും,മുഖ്യമന്ത്രിയാരാകുമെന്നതിൽ തീരുമാനം വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായ വിമർശിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്. ദില്ലിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ 50 ദിവസം എടുത്തില്ലോയെന്നൊക്കെ അണികളോട് പറഞ്ഞാൽ മുഖത്ത് അടി കിട്ടുമെന്നും, മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനം പോലെ കേരളത്തിൽ നടക്കില്ല. രാഷ്ട്രീയ പ്രബുദ്ധതയുള്ള ആളുകളാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും. കോൺഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നും പി അബ്ദുൽ ഹമീദ് ചൂണ്ടിക്കാട്ടി.

യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ആഹ്ലാദപ്രകടനം പോലും നടത്താൻ വയ്യാത്ത സ്ഥിതിയാണ്. പല സ്ഥലങ്ങളിലും പരിപാടി നടക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് പരിപാടിക്ക് വരേണ്ടെന്ന് പറയേണ്ട അവസ്ഥയാണ്. തീരുമാനം അനിശ്ചിതമായി നീളുന്നതിലെ അതൃപ്തി എല്ലായിടത്തുമുണ്ട്. സർക്കാർ അധികാരത്തിൽ വന്നാൽ ഇടപെടേണ്ട പല കാര്യങ്ങളുമുണ്ട്.

എവിടെ ചെന്നാലും ആളുകൾക്ക് അതൃപ്തിയാണ്. ഇതിനാണോ വോട്ടു ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നു. അണികൾക്കൊപ്പം നേതൃത്വം ഉയരണം. ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ ലീഗിന്റെ അഭിപ്രായം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ അഭിപ്രായം എല്ലാകാലത്തും കോൺഗ്രസ് മാനിക്കാറുണ്ടെന്നും അബ്ദുൽഹമീദ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358747/if-a-decision-is-not-made-soon-on-the-chief-minister-issue-there-will-be-consequences-p-abdul-hamid)