---
title: "ഹൈക്കമാൻഡ് നിർദേശത്തിന് പുല്ലുവില...! വി ഡി സതീശനെ അനുകൂലിച്ച് പുനലൂരിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു "
english_title: "A huge flex board has come up in Punalur in support of VD Satheesan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358732/a-huge-flex-board-has-come-up-in-punalur-in-support-of-vd-satheesan"
published_at: "2026-05-11T13:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a018e7559c4f_flux_board.jpg"
keywords: []
---

# ഹൈക്കമാൻഡ് നിർദേശത്തിന് പുല്ലുവില...! വി ഡി സതീശനെ അനുകൂലിച്ച് പുനലൂരിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു 

> **Lead Summary:** കൊല്ലം: മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല.

## Article Content

കൊല്ലം: മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല.

'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സിൽ ഉള്ളത്. കെ സി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ പരസ്യ പ്രതികരണം സസൂഷ്മം നിരീക്ഷിച്ച ശേഷമാകും മുഖ്യമന്ത്രി കാര്യത്തിലെ തീരുമാനം പ്രഖ്യാപിക്കുക എന്ന് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിൽ ഹൈക്കമാൻഡും കോൺഗ്രസ് നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.

അതേസമയം കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെ സി വേണുഗോപാൽ മുന്നിലെന്നാണ് ദില്ലിയിൽ നിന്നും പുറത്തുവരുന്ന വാർത്ത. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍.

സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് മാത്രമാണ് സാധ്യത. ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചര്‍ച്ചകൾ നടക്കുന്നുണ്ട്.

കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കൊപ്പം അനുനയ ഫോര്‍മുലയെന്നോണം ഉപമുഖ്യമന്ത്രി പദം ഉണ്ടാകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358732/a-huge-flex-board-has-come-up-in-punalur-in-support-of-vd-satheesan)