---
title: "'എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍'; ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി"
english_title: "rahul gandhi on pm modi several lifestyle changes call"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358685/rahul-gandhi-on-pm-modi-several-lifestyle-changes-call"
published_at: "2026-05-11T11:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01710dd478e_rahul_gandhi.jpg"
keywords: []
---

# 'എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍'; ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

> **Lead Summary:** ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരോട് ജീവിതരീതികളില്‍ മാറ്റം വരുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ആഹ്വാനം പരാജയത്തിന്റെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

## Article Content

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരോട് ജീവിതരീതികളില്‍ മാറ്റം വരുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ആഹ്വാനം പരാജയത്തിന്റെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ആശ്രയിക്കുന്നത് കുറയ്ക്കാനും പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. 'ദേശസ്‌നേഹം' എന്നത് അതിര്‍ത്തിയില്‍ ജീവന്‍ ത്യജിക്കാനുള്ള സന്നദ്ധത മാത്രമല്ല. ഈ സമയത്ത് ഉത്തരവാദിത്തത്തോടെ ജീവിക്കുകയും ദൈനംദിന ജീവിതത്തില്‍ രാഷ്ട്രത്തോടുള്ള കടമകള്‍ നിറവേറ്റുന്നതു കൂടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്.

പന്ത്രണ്ട് വര്‍ഷം കൊണ്ട് ജനങ്ങള്‍ എന്ത് വാങ്ങണം, എവിടെ പോകണം എന്ന് പറയുന്ന അവസ്ഥയിലേക്ക് മോദി എത്തിച്ചു. ഓരോ തവണയും ഉത്തരവാദിത്തം ജനങ്ങളുടെ തലയിലേക്ക് ഇട്ട് രക്ഷപ്പെടുകയാണ് സര്‍ക്കാര്‍ എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യം ഭരിക്കുക എന്നത് ഒത്തുതീര്‍പ്പാക്കുന്ന പ്രധാനമന്ത്രിയുടെ കൈകളില്‍ ഒതുങ്ങുന്ന ഒന്നല്ല എന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മോദിക്കെതിരെ രംഗത്തെത്തി. യുദ്ധം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് വ്യക്തതയില്ലെന്ന് കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. ആഗോള പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ ഒരുക്കുന്നതിനു പകരം, പ്രധാനമന്ത്രി സാധാരണക്കാരെ അസൗകര്യത്തിലേക്ക് തള്ളിവിടുകയാണ്. ഇത് ലജ്ജാകരവും അധാര്‍മികവുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആഗോള സാമ്പത്തിക പ്രതിസന്ധികളും വിതരണശൃംഖലയിലെ വെല്ലുവിളികളും വിലക്കയറ്റവും നേരിടാന്‍ കൂട്ടായ പങ്കാളിത്തം വേണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വിദേശ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അതിലൂടെ വിദേശ കറന്‍സികളോടുള്ള അമിതമായ ആശ്രയത്വം കുറയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ കോവിഡ് കാലത്തേതിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ഇപ്പോള്‍ ഗുണം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതു ഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക, ചരക്ക് നീക്കത്തിനായി റെയില്‍വേ സൗകര്യം ഉപയോഗിക്കുക, വിദേശ യാത്രകളും സ്വര്‍ണം വാങ്ങുന്നതും കുറയ്ക്കുക, പാചക എണ്ണയുടെ ഉപയോഗം പത്ത് ശതമാനം കുറയ്ക്കുക എന്നൊക്കെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358685/rahul-gandhi-on-pm-modi-several-lifestyle-changes-call)