---
title: "‘സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം പാടിയത് ഗവർണർ ഓഫീസിൻ്റെ നിർദേശപ്രകാരം’; വിശദീകരണവുമായി ടി വികെ"
english_title: "Vande Mataram was sung first at the swearing-in ceremony on the instructions of the Governor’s OfficeTVK explains"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358629/vande-mataram-was-sung-first-at-the-swearing-in-ceremony-on-the-instructions-of-the-governors-officetvk-explains"
published_at: "2026-05-11T06:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01298d6919b_vijay.jpg"
keywords: []
---

# ‘സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം പാടിയത് ഗവർണർ ഓഫീസിൻ്റെ നിർദേശപ്രകാരം’; വിശദീകരണവുമായി ടി വികെ

> **Lead Summary:** തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ടിവികെ. വന്ദേമാതരം ആദ്യം പാടിയത് ലോക്ഭവന്റെ നിർദേശ പ്രകാരമെന്ന് മന്ത്രി ആദവ് അർജുന. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തിയന്നും ഇനി അങ്ങിനെ ഉണ്ടാകില്ലെന്നും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടുമെന്നും ആദവ് അർജുന പറഞ്ഞു.

## Article Content

തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ടിവികെ. വന്ദേമാതരം ആദ്യം പാടിയത് ലോക്ഭവന്റെ നിർദേശ പ്രകാരമെന്ന് മന്ത്രി ആദവ് അർജുന. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തിയന്നും ഇനി അങ്ങിനെ ഉണ്ടാകില്ലെന്നും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടുമെന്നും ആദവ് അർജുന പറഞ്ഞു.

തുടക്കത്തിലെ കല്ലുകടിയ്ക്ക് കാരണമായത് ഇതാണ്. തമിഴ് തായ് വാഴ്ത്തെന്നത് തമിഴ്ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ പരിപാടികളിലും ആദ്യം പാടിയിരുന്നത് ഇതുതന്നെ. അതാണ് വിജയ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാറിയത്. വന്ദേമാതരത്തിനും ദേശഭക്തിഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്.

ബിജെപിയെ സന്തോഷിപ്പിയ്ക്കാനായാണ് വിജയ് ഇത് ചെയ്‌തത്‌ എന്നായിരുന്നു ഡിഎംകെയുടെ ആരോപണം. തമിഴ് നാടിനെയും തമിഴ് ജനതയെയും ടിവികെ അവഹേളിച്ചുവെന്നും ഡിഎംകെ കുറ്റപ്പെടുത്തി. ഇതാണോ വിജയ് കൊണ്ട് വരാൻ ശ്രമിച്ച മാറ്റം എന്നും ഡിഎംകെ ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ മറുപടി പറയണമെന്നും തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണ ലഭിക്കുന്നു എന്ന് ടി വി കെ ഉറപ്പാക്കണം എന്നും സിപിഐ ആവശ്യപ്പെട്ടു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടി ഇരുന്ന വേദിയിലായിരുന്നു വന്ദേമാതരം ആദ്യം പാടിയത്. തമിഴ്നാട് സർക്കാരിന്റെ പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യവും ദേശീയ ഗാനം അവസാനവും പാടുന്നതാണ് പിന്തുടരുന്ന രീതി. ഇതിന്റെ പേരിൽ മുൻഗവർണർ ആർ എൻ രവിയും എം കെ സ്റ്റാലിനും തമ്മിൽ തർക്കങ്ങളും പതിവായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358629/vande-mataram-was-sung-first-at-the-swearing-in-ceremony-on-the-instructions-of-the-governors-officetvk-explains)