---
title: " സോഫ്റ്റാണ്, ക്രിസ്പിയാണ്! ചിക്കൻ ചട്ടിപ്പത്തിരി തയ്യാറാക്കാൻ ഏറ്റവും ലളിതമായ വഴി ഇതാ..."
english_title: "Soft and crispy! Here's the easiest way to prepare chicken chattipathiri..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358585/soft-and-crispy-heres-the-easiest-way-to-prepare-chicken-chattipathiri"
published_at: "2026-05-10T16:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00674ede163_Soft_and_crispy.jpg"
keywords: []
---

#  സോഫ്റ്റാണ്, ക്രിസ്പിയാണ്! ചിക്കൻ ചട്ടിപ്പത്തിരി തയ്യാറാക്കാൻ ഏറ്റവും ലളിതമായ വഴി ഇതാ...

> **Lead Summary:** **[** മലബാറിലെ ആഘോഷങ്ങളിലും സൽക്കാരങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് ചട്ടിപ്പത്തിരി. ലെയറുകളായി അടുക്കിയ പത്തിരിയും രുചികരമായ ചിക്കൻ മസാലയും ചേരുന്ന ഈ വിഭവം കാണാൻ കേക്കുപോലെ മനോഹരവും കഴിക്കാൻ അതീവ രുചികരവുമാണ്. വീട്ടിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ ചട്ടിപ്പത്തിരി റെസിപ്പി ഇതാ.

## Article Content

**[** മലബാറിലെ ആഘോഷങ്ങളിലും സൽക്കാരങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് ചട്ടിപ്പത്തിരി. ലെയറുകളായി അടുക്കിയ പത്തിരിയും രുചികരമായ ചിക്കൻ മസാലയും ചേരുന്ന ഈ വിഭവം കാണാൻ കേക്കുപോലെ മനോഹരവും കഴിക്കാൻ അതീവ രുചികരവുമാണ്. വീട്ടിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ ചട്ടിപ്പത്തിരി റെസിപ്പി ഇതാ.

**ചേരുവകൾ**

ചിക്കൻ: 300 ഗ്രാം

മൈദ: 1 കപ്പ്

സവാള: 2 എണ്ണം

ഇഞ്ചി: ചെറിയ കഷ്ണം

വെളുത്തുള്ളി: 5 അല്ലി

മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ

കുരുമുളകുപൊടി: 1 ടീസ്പൂൺ

ഗരംമസാലപ്പൊടി: 1/4 ടീസ്പൂൺ

കറിവേപ്പില, മല്ലിയില: ആവശ്യത്തിന്

വെളിച്ചെണ്ണ/നെയ്യ്: ആവശ്യത്തിന്

മുട്ട: 3 എണ്ണം

പാൽ: ആവശ്യത്തിന്

വെള്ളം, ഉപ്പ്: പാകത്തിന്

തയ്യാറാക്കുന്ന വിധം

**1. ചിക്കൻ മസാല തയ്യാറാക്കാം:**

ആദ്യം ചിക്കൻ കുറച്ച് ഉപ്പ്, കുരുമുളകുപൊടി, ഗരംമസാലപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വേവിക്കുക.

വേവിച്ച ചിക്കൻ തണുത്ത ശേഷം ചെറിയ കഷ്ണങ്ങളായി പിച്ചിയെടുക്കാം .

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേക്ക് മഞ്ഞൾപ്പൊടിയും ബാക്കി പൊടികളും ചേർത്ത് പച്ചമണം മാറുമ്പോൾ തയ്യാറാക്കി വെച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനമായി കറിവേപ്പില ചേർത്ത് വാങ്ങി വെക്കാം.

**2. പത്തിരി തയ്യാറാക്കാം:**

മിക്സിയുടെ ജാറിൽ മൈദ, മുട്ട (ഒന്ന്), ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് ദോശമാവിന്റെ പരുവത്തിൽ അടിച്ചെടുക്കുക.

ഒരു പാനിൽ ഈ മാവൊഴിച്ച് നൈസ് ദോശകൾ (പത്തിരി) ചുട്ടെടുക്കാം.

**3. മുട്ട മിക്സ് തയ്യാറാക്കാം:**

ഒരു പാത്രത്തിൽ ബാക്കിയുള്ള മുട്ടകൾ പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് കുറച്ച് പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

**4. ലെയർ ചെയ്ത് വേവിക്കാം:**

അടിഭാഗം കട്ടിയുള്ള ഒരു പാനിൽ കുറച്ച് നെയ്യ് തടവുക.

നേരത്തെ ഉണ്ടാക്കി വെച്ച ഓരോ പത്തിരിയും മുട്ടയുടെ മിക്സിൽ മുക്കി പാനിൽ നിരത്തി വെക്കാം.

ഓരോ പത്തിരിക്ക് മുകളിലും ചിക്കൻ മസാല വിതറിക്കൊടുക്കുക. ഇങ്ങനെ ഏകദേശം 5 ലെയറുകൾ വരെ ചെയ്യാം.

ഏറ്റവും മുകളിലായി ബാക്കിയുള്ള മുട്ട മിക്സ് ഒഴിച്ചു കൊടുക്കാം.

**5. ദം ചെയ്തെടുക്കാം:**

അടുപ്പിൽ ഒരു പഴയ ഫ്രൈയിങ് പാൻ വെച്ച് അതിനു മുകളിലായി ചട്ടിപ്പത്തിരിയുടെ പാൻ വെക്കുക (അടിയിൽ കരിയാതിരിക്കാൻ ഇത് സഹായിക്കും).

പാത്രം നന്നായി അടച്ചു വെച്ച് കുറഞ്ഞ തീയിൽ ഏകദേശം 20 മിനിറ്റ് വേവിക്കുക.

ഒരു വശം വെന്തു കഴിഞ്ഞാൽ മറ്റൊരു പാനിലേക്ക് തിരിച്ചിട്ട് കുറച്ചു സമയം കൂടി വേവിക്കാം.

നല്ല രുചിയുള്ള, സോഫ്റ്റ് ചിക്കൻ ചട്ടിപ്പത്തിരി തയ്യാർ! ഇത് ചൂടോടെ മുറിച്ച് വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358585/soft-and-crispy-heres-the-easiest-way-to-prepare-chicken-chattipathiri)