---
title: "കോടാലിയിൽ പാമ്പ് ഭീതി തുടരുന്നു: അറ്റാച്ച്ഡ് ബാത്ത്റൂമിലും വെള്ളിക്കെട്ടൻ, വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Silverware in the attached bathroom too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358573/silverware-in-the-attached-bathroom-too"
published_at: "2026-05-10T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00587e2b70c_177.jpg"
keywords: []
---

# കോടാലിയിൽ പാമ്പ് ഭീതി തുടരുന്നു: അറ്റാച്ച്ഡ് ബാത്ത്റൂമിലും വെള്ളിക്കെട്ടൻ, വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **തൃശൂർ: [** കോടാലിയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമാകുന്നു. കടമ്പോട് ഭാഗത്തെ വീടുകളിൽ വീണ്ടും വെള്ളിക്കെട്ടൻ പാമ്പുകളെ കണ്ടെത്തിയത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

## Article Content

**തൃശൂർ: [** കോടാലിയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമാകുന്നു. കടമ്പോട് ഭാഗത്തെ വീടുകളിൽ വീണ്ടും വെള്ളിക്കെട്ടൻ പാമ്പുകളെ കണ്ടെത്തിയത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി ഒരു വീടിനുള്ളിലെ ശുചിമുറിക്കരികിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. തണുപ്പ് തേടി ബാത്ത്റൂമിനുള്ളിൽ ചുരുണ്ടുകൂടി കിടന്ന പാമ്പിന്റെ കടിയേൽക്കാതെ വീട്ടമ്മ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഈ പ്രദേശത്തെ വിവിധ വീടുകളിൽ നിന്നായി അഞ്ചോളം വെള്ളിക്കെട്ടൻ പാമ്പുകളെയാണ് പിടികൂടിയത്. നേരത്തെ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതിന് സമാനമായ വലിപ്പമുള്ള പാമ്പുകളാണ് അയൽപക്കത്തെ വീടുകളിലും പ്രത്യക്ഷപ്പെടുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

മുട്ട വിരിഞ്ഞിറങ്ങിയ പാമ്പുകുഞ്ഞുങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ആൽജോയുടെ മരണത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നെങ്കിലും പാമ്പുകളുടെ കൃത്യമായ ഉറവിടം കണ്ടെത്താനായിരുന്നില്ല.

വീടുകളിലും മുറ്റങ്ങളിലും പാമ്പുകൾ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ, വനംവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരമായി വ്യാപക പരിശോധന നടത്തണമെന്നും നാട്ടുകാർക്ക് ആവശ്യമായ ബോധവൽക്കരണം നൽകണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358573/silverware-in-the-attached-bathroom-too)