---
title: " 'ബഹളം വെച്ച് ആളെക്കൂട്ടി , അല്ലായിരുന്നെങ്കിൽ കൊച്ചിനെ അയാൾ ഉപയോഗിച്ചേനെ'; ട്രെയിനിലെ പീഡനശ്രമം, നിർണായകമായത് യുവതിയുടെ ഇടപെടൽ "
english_title: "Attempted rape on Palaruvi Express, assault on a six-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358520/attempted-rape-on-palaruvi-express-assault-on-a-six-year-old-girl"
published_at: "2026-05-10T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0020720ce64_kollam.jpg"
keywords: []
---

#  'ബഹളം വെച്ച് ആളെക്കൂട്ടി , അല്ലായിരുന്നെങ്കിൽ കൊച്ചിനെ അയാൾ ഉപയോഗിച്ചേനെ'; ട്രെയിനിലെ പീഡനശ്രമം, നിർണായകമായത് യുവതിയുടെ ഇടപെടൽ 

> **Lead Summary:** **കൊല്ലം: **പാലരുവി എക്പ്രസില്‍ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് യാത്രക്കാരിയായ യുവതിയുടെ സമയോജിതമായ ഇടപെടലിലൂടെ.

## Article Content

**കൊല്ലം: **പാലരുവി എക്പ്രസില്‍ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് യാത്രക്കാരിയായ യുവതിയുടെ സമയോജിതമായ ഇടപെടലിലൂടെ.

കൊട്ടാരക്കര കോട്ടത്തല സ്വദേശിയായ വി.എസ്. വീണയുടെ ഇടപെടലാണ് പ്രതിയെ കുടുക്കാൻ നിർണായകമായത്. സംഭവത്തിൽ അയത്തിൽ സ്വദേശി ഡാനിഷിനെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മുത്തച്ഛനോടൊപ്പം തീർഥാടനത്തിന് പോവുകയായിരുന്നു പെൺകുട്ടി. ഈ സമയത്താണ് പീഡനശ്രമം നടന്നത്.

അമ്മയുടെ ചികിത്സയ്ക്കായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വീണ. ട്രെയിനിൽ കയറിയപ്പോൾ മുതൽ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നതായും വീണ പറഞ്ഞു.

രാത്രി ഉറങ്ങുന്ന സമയത്ത് അയാള്‍ ശല്യപ്പെടുത്തി. ഇതോടെ ഉറക്കം മതിയാക്കി അയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഈ സമയത്താണ് അയാള്‍ തൊട്ടപ്പുറത്തേക്ക് പോയി തറയില്‍ ബന്ധുക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു ഒരു കുഞ്ഞിനെ എടുത്ത് കൊണ്ടുവന്ന് മടിയിലിരുത്തിയത്. സ്വന്തം മകളെപ്പോലെയാണ് അയാള്‍ പെരുമാറിയത്.

എന്നാലും സംശയം തോന്നിയപ്പോള്‍ മൊബൈല്‍ എടുത്ത് വിഡിയോ പകര്‍ത്തി. അടുത്ത് ഇരുന്ന ഒരാളോട് ഇത് അയാളുടെ മകളാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്ന് പറഞ്ഞു.

എന്നാല്‍ അയാളും കാര്യമായി ഒന്നും പ്രതികരിച്ചില്ല. കുഞ്ഞിനെ ഉപദ്രവിക്കുന്ന സമയത്ത് ചാടി എഴുന്നേറ്റ് അയാളോട് ബഹളം ഉണ്ടാക്കി. തന്‍റെ ബന്ധുവാണെന്ന് നുണ പറഞ്ഞെങ്കിലും എല്ലാവരും ബഹളം കേട്ട് ഉണര്‍ന്നു.

മാതാപിതാക്കളെയും വിളിച്ചുണർത്തി സത്യാവസ്ഥ ബോധ്യപ്പെടുത്തി. പ്രതി ദേഷ്യപ്പെട്ടപ്പോൾ താൻ പകർത്തിയ ദൃശ്യങ്ങൾ അയാൾക്ക് കാണിച്ചു കൊടുക്കുകയും മുഖത്തടിക്കുകയും ചെയ്തു. അപ്പോഴേക്കും എല്ലാവരും എത്തുകയും ഇടപെടുകയും ചെയ്തു.

ആ നിമിഷം ഞാന്‍ പ്രതികരിച്ചത് കൊണ്ടുമാത്രമാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. അല്ലെങ്കില്‍ നാളെ വേറെ എന്തെങ്കിലും വാര്‍ത്ത കേള്‍ക്കേണ്ടി വരുമായിരുന്നു.'.വീണ മാധ്യമങ്ങളോട് പറഞ്ഞു. 

ട്രെയിനിൽ സ്ഥിരമായി ഈ ഉദ്ദേശത്തോടെ മാത്രം യാത്ര ചെയ്യുന്ന ഒരാളാണ് പ്രതി, ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ആ കൊച്ചിനെ അയാൾ ഉപയോഗിച്ചേനെ, പിന്നീട് നമ്മൾ അത്രയും മോശം വാർത്ത കേൾക്കേണ്ടി വരുമായിരുന്നുവെന്നും വീണ കൂട്ടിച്ചേർത്തു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358520/attempted-rape-on-palaruvi-express-assault-on-a-six-year-old-girl)