---
title: "ആഭരണം വാങ്ങിയത് പേര് മാറ്റിപ്പറഞ്ഞ്; കോഴിക്കോട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശി യുവാവ് പിടിയിൽ "
english_title: "A Kannur native youth who bought gold ornaments from a Kozhikode jeweler and fled without paying has been arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358447/a-kannur-native-youth-who-bought-gold-ornaments-from-a-kozhikode-jeweler-and-fled-without-paying-has-been-arrested"
published_at: "2026-05-09T21:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff538655d45_arrest.jpg"
keywords: []
---

# ആഭരണം വാങ്ങിയത് പേര് മാറ്റിപ്പറഞ്ഞ്; കോഴിക്കോട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശി യുവാവ് പിടിയിൽ 

> **Lead Summary:** കോഴിക്കോട്: ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. പാപ്പിനിശ്ശേരി സ്വദേശി അഭിഷേകി നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ പ്രജീഷ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഷൈന്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സില്‍ നിന്നാണ് ഇയാള്‍ ആഭരണങ്ങള്‍ വാങ്ങിയത്.

## Article Content

കോഴിക്കോട്: ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. പാപ്പിനിശ്ശേരി സ്വദേശി അഭിഷേകി നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ പ്രജീഷ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഷൈന്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സില്‍ നിന്നാണ് ഇയാള്‍ ആഭരണങ്ങള്‍ വാങ്ങിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സങ്കീര്‍ത്ഥ് എന്ന് പരിചയപ്പെടുത്തിയാണ് അഭിഷേക് ജ്വല്ലറിയില്‍ എത്തിയത്. പണം നൽകുമെന്ന് ഉടമയെ വാക്കാൽ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ സ്വർണം വാങ്ങിയത്.

ഇവിടെ നിന്നും 8.080 ഗ്രാം, 12.090 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ എടുക്കുകയും ചെയ്തു. എന്നാല്‍ യഥാസമയം പണം ലഭിക്കാതായതോടെ അഭിഷേകിനെ പ്രജീഷ് ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് മറ്റൊരാളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി 49,500 അയച്ചുനല്‍കുകയുമായിരുന്നു. എന്നാല്‍ അവശേഷിച്ച 2,60,500 രൂപ നല്‍കാതെ മുങ്ങി നടക്കുകയായിരുന്നു.

പിന്നീട് ജ്വല്ലറി ഉടമയുടെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഫറോക്ക്, പന്നിയങ്കര, താമരശ്ശേരി, മട്ടന്നൂര്‍, കണ്ണൂര്‍, വളപട്ടണം പൊലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അഭിഷേകിനെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358447/a-kannur-native-youth-who-bought-gold-ornaments-from-a-kozhikode-jeweler-and-fled-without-paying-has-been-arrested)