---
title: "കരിയിലയെ ചൊല്ലി തർക്കം, സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ"
english_title: "Suspect arrested for attempting to stab sister and husband to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358430/suspect-arrested-for-attempting-to-stab-sister-and-husband-to-death"
published_at: "2026-05-09T17:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff218b96c4d_aa.jpg"
keywords: []
---

# കരിയിലയെ ചൊല്ലി തർക്കം, സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

> **Lead Summary:** കായംകുളം: കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവരെ ആക്രമിച്ച കേസിൽ ഷീജയുടെ സഹോദരനായ ഷാജിയെയാണ് കായംകുളം പൊലീസ് പിടികൂടിയത്. ഇരുകൂട്ടരും തമ്മിൽ കുടുംബവഴക്ക് നിലനിന്നിരുന്നു.

## Article Content

കായംകുളം: കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവരെ ആക്രമിച്ച കേസിൽ ഷീജയുടെ സഹോദരനായ ഷാജിയെയാണ് കായംകുളം പൊലീസ് പിടികൂടിയത്. ഇരുകൂട്ടരും തമ്മിൽ കുടുംബവഴക്ക് നിലനിന്നിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ പ്രതിയായ ഷാജി കരിയില വാരി രാജേന്ദ്രന്‍റെ പുരയിടത്തിൽ കൊണ്ടിട്ടത് ഷീജ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമുണ്ടായത്. അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇയാൾ ഷീജയുടെ വയറിന്‍റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നു. കുത്തേറ്റ് ഷീജയുടെ കുടൽ പുറത്തുവന്നു. ഇത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജേന്ദ്രനും കുത്തേറ്റത്. പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം കണ്ടൽക്കാടുകൾക്കിടയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കായംകുളം പൊലീസാണ് സാഹസികമായി പിടികൂടിയത്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, എസ് ഐ മാരായ ജോബിൻ, നിയാസ്, എഎസ്ഐമാരായ റെജി, പ്രിയ, പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജു, സോനുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഷാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358430/suspect-arrested-for-attempting-to-stab-sister-and-husband-to-death)