---
title: "'ആരാധക വൃന്ദം പൊടിക്ക് അടങ്ങണം, കോൺഗ്രസിൽ ഒന്നിലധികം പേരുകൾ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം' - എം.ലിജു"
english_title: "The fact that multiple names are being raised in Congress is a sign of democracy M Liju"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358425/the-fact-that-multiple-names-are-being-raised-in-congress-is-a-sign-of-democracy-m-liju"
published_at: "2026-05-09T17:05:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff1c55f1f05_m_liju.jpg"
keywords: []
---

# 'ആരാധക വൃന്ദം പൊടിക്ക് അടങ്ങണം, കോൺഗ്രസിൽ ഒന്നിലധികം പേരുകൾ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം' - എം.ലിജു

> **Lead Summary:** ആലപ്പുഴ: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നിയുക്ത എംഎല്‍എ എം ലിജു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒന്നിലധികം പേരുകള്‍ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യവും മനോഹാരിതയുമാണെന്ന് എം ലിജു പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്ന പേരുകള്‍ എല്ലാം മികച്ചവയാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റേതല്ലാതെ മറ്റൊരു പേരും ഉയരുന്നില്ലെന്നും എം ലിജു പറഞ്ഞു.

## Article Content

ആലപ്പുഴ: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നിയുക്ത എംഎല്‍എ എം ലിജു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒന്നിലധികം പേരുകള്‍ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യവും മനോഹാരിതയുമാണെന്ന് എം ലിജു പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്ന പേരുകള്‍ എല്ലാം മികച്ചവയാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റേതല്ലാതെ മറ്റൊരു പേരും ഉയരുന്നില്ലെന്നും എം ലിജു പറഞ്ഞു.

വി ഡി സതീശന്‍ അനുകൂലികളുടെ പ്രതിഷേധത്തിലും എം ലിജു പ്രതികരിച്ചു. ഫ്‌ളക്‌സ് വെയ്ക്കുന്നതും കീറുന്നതും തുപ്പുന്നതുമൊന്നും നല്ല പ്രവണതയല്ലെന്ന് എം ലിജു പറഞ്ഞു. ആരാധക വൃന്ദം ശാന്തരാകണമെന്നും പൊടിക്കൊന്ന് അടങ്ങണമെന്നും ലിജു പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടും ലിജു പ്രതികരിച്ചു. താന്‍ ഉള്‍പ്പെടെ ജയിച്ചത് യുഡിഎഫ് അനുഭാവികളുടെ വോട്ട് കൊണ്ട് മാത്രമല്ലെന്ന് ലിജു പറഞ്ഞു. പിണറായി ഭരണം അവസാനിപ്പിക്കാനാണ് വോട്ട് ലഭിച്ചത്. സ്വാഭാവികമായും ജനത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും എം ലിജു കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എഐസിസി നിരീക്ഷകരായി തെരഞ്ഞെടുക്കപ്പെട്ട മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കേരളത്തിലെത്തി ചര്‍ച്ച മടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടു. ഇപ്പോഴും ഒറ്റപ്പേരിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കോണ്ഡഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്. കെ സിയെ പിന്തുണയ്ക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം. എംഎല്‍എമാരുടെ പിന്തുണ മാനദണ്ഡമാക്കാനാണ് തീരുമാനം. വി ഡി സതീശന് അനുകൂലമായി നടന്ന പ്രകടനങ്ങളെ അച്ചടക്ക ലംഘനം എന്നാണ് വിലയിരുത്തല്‍. രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവര്‍ എടുക്കുന്ന നിലപാടും, ഘടക കക്ഷികളുടെ നിലപാടും പരിഗണിച്ച് മാത്രമായിരിക്കും അന്തിമ തീരുമാനം. പ്രഖ്യാപനം ഇന്നുതന്നെയുണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358425/the-fact-that-multiple-names-are-being-raised-in-congress-is-a-sign-of-democracy-m-liju)