---
title: " 'മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴും'; മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പട‍ർന്നതിൽ രൂക്ഷ വിമർശനവുമായി കെ സി ജോസഫ്"
english_title: "KC Joseph strongly criticizes CM's discussions that spilled onto the streets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358410/kc-joseph-strongly-criticizes-cms-discussions-that-spilled-onto-the-streets"
published_at: "2026-05-09T16:10:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff0fab19b08_kc_joseph.jpg"
keywords: []
---

#  'മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴും'; മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പട‍ർന്നതിൽ രൂക്ഷ വിമർശനവുമായി കെ സി ജോസഫ്

> **Lead Summary:** കോട്ടയം: 10 വർഷങ്ങൾക്കിപ്പുറം യു ഡി എഫ് അധികാരം പിടിച്ചതിന് ശേഷമുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പട‍ർന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് കൊണ്ടുപോകുന്നത് അത്യന്തം അപകടകരമാണെന്നും പാർട്ടിക്കും മുന്നണിക്കും ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

## Article Content

കോട്ടയം: 10 വർഷങ്ങൾക്കിപ്പുറം യു ഡി എഫ് അധികാരം പിടിച്ചതിന് ശേഷമുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പട‍ർന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് കൊണ്ടുപോകുന്നത് അത്യന്തം അപകടകരമാണെന്നും പാർട്ടിക്കും മുന്നണിക്കും ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അധികാര വടംവലിയിൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ലെന്നും മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴുമെന്നും കെ സി ജോസഫ് ഓർമ്മിപ്പിച്ചു. തർക്കങ്ങൾ ഇത്തരത്തിൽ പരസ്യമാക്കുന്നത് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയുണ്ടാക്കുമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ടെന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു.

തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നവരുടെ ചേരികളാണ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കരുനീക്കുന്നത്.

അതേസമയം കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിലായി രംഗത്തുള്ള നേതാക്കളും എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായുള്ള ഇന്നത്തെ യോഗം കഴിയട്ടെ. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എ ഐ സി സി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല.

വി ഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ സി വേണുഗോപാലിന്‍റെയും മനസ്സറിയും. കെ പി സി സി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358410/kc-joseph-strongly-criticizes-cms-discussions-that-spilled-onto-the-streets)