തൃശ്ശൂർ : ( www.truevisionnews.com ) പട്ടാപ്പകൽ ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി പതിനൊന്നേമുക്കാൽ പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ.
കാസർകോട് ഹോസ്ദുർഗ് ഗാർഡൻ വീട്ടിൽ ആഷിഫിനെയാണ് (24) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ഷാഡോ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ തൃശൂർ പാവറട്ടി പുളിഞ്ചേരിപ്പടി പുലിക്കോട്ടിൽ ജോമോന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പ്രധാന റോഡിലെത്തി ബസ് മാർഗം തൃശൂരിലേക്ക് കടന്നു. അവിടെനിന്ന് ഷൊർണൂർ വഴി മംഗളൂരുവിലേക്ക് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
മംഗളൂരു റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തുകയായിരുന്ന ഷാഡോ പൊലീസിന് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.
ആർ.പി.എഫ് ഉദ്യോഗസ്ഥർ വിവരങ്ങൾ വാട്സ് ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതറിഞ്ഞ് പാവറട്ടി പൊലീസ് അന്വേഷണമാരംഭിക്കുകയും ഉടമസ്ഥൻ മുഖേന വിവരങ്ങൾ കൈമാറി ആഭരണങ്ങൾ തിരിച്ചറിയുകയുമായിരുന്നു.
Content Highlight: Theft, thief breaks into house in broad daylight, gold stolen, suspect arrested




































