---
title: " ഒരു തരി പിന്നോട്ടില്ല...! മുഖ്യമന്ത്രി പോരിൽ നിര്‍ണായക യോഗം ഇന്ന് നാല് മണിക്ക് ഖർഗെയുടെ വസതിയിൽ, കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാൻഡ്"
english_title: "Kerala Chief Minister's decision  Today at 4 pm at Kharge's residence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358354/kerala-chief-ministers-decision-today-at-4-pm-at-kharges-residence"
published_at: "2026-05-09T13:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fee36c13d14_congress.jpg"
keywords: []
---

#  ഒരു തരി പിന്നോട്ടില്ല...! മുഖ്യമന്ത്രി പോരിൽ നിര്‍ണായക യോഗം ഇന്ന് നാല് മണിക്ക് ഖർഗെയുടെ വസതിയിൽ, കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാൻഡ്

> **Lead Summary:** ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച, ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്. നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാൻഡ്. മല്ലികാർജുൻ ഖർഗയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.

## Article Content

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച, ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്. നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാൻഡ്. മല്ലികാർജുൻ ഖർഗയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്.കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തിയിരുന്നു. കേരള ഹൗസിൽ എത്തിയ വി.ഡി സതീശന് വൻ സ്വീകരണമായിരുന്നു പ്രവർത്തകർ നൽകിയത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്നാണ് കെ സി പക്ഷ നേതാക്കളുടെ അവകാശവാദം. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയേയും അറിയിച്ചു. ഒട്ടും മയം വേണ്ടെന്ന നിലപാടിലാണ് കെ സി പക്ഷം. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നാണ് അവകാശവാദം. ആറു മാസത്തെ സമയമുണ്ട്. സർക്കാർ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നും അതോടെ ജയിക്കുമെന്നുമാണ് കെസി പക്ഷ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചത്.

സതീശൻ അനുകൂലികൾ കെസിയുടെ ഫ്ളക്സ് കീറിയത് പുതിയ ആയുധമാക്കാനാണ് കെസി പക്ഷ നേതാക്കളുടെ നീക്കം. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയും കീറിയെന്ന വിമർശനമാണ് ഉയർത്തുന്നത്. ഹൈക്കമാൻഡ് നിരീക്ഷകർക്കെതിരെ വിഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കും.

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് വി ഡി സതീശൻ. എല്ലാ ഘടകങ്ങളും പരിശോധിക്കണം എന്ന് സതീശൻ ആവശ്യപ്പെടും. എംഎൽഎമാരുടെ എണ്ണം മാത്രം കണക്കിൽ എടുക്കരുത്. മത്സരിച്ചത് മുന്നണിയായിട്ടാണെന്നും ഘടക കക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും ആവശ്യപ്പെടും. എന്നാൽ പാർട്ടി ലൈനിലാണെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം വ്യക്തമാക്കി. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു. എന്നാൽ അതിന് മുതിർന്നില്ലെന്ന് ചെന്നിത്തല പക്ഷം ചൂണ്ടിക്കാട്ടുന്നു. പാർട്ടി അച്ചടക്കം പാലിച്ചത് പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358354/kerala-chief-ministers-decision-today-at-4-pm-at-kharges-residence)