---
title: "എന്നാലും എന്റെ മോനെ...ധൈര്യം അപാരം  .....! കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു; പ്രതി പിടിയിൽ"
english_title: "Police jeep stolen in Kannur; Suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358347/police-jeep-stolen-in-kannur-suspect-arrested-new-update"
published_at: "2026-05-09T12:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fedcc318ee7_jeep.jpg"
keywords: []
---

# എന്നാലും എന്റെ മോനെ...ധൈര്യം അപാരം  .....! കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു; പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് കവർന്നത്. പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. ഗുരുവായൂർ സ്വദേശി ഹംസത്തിനെ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ: ** കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് കവർന്നത്. പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. ഗുരുവായൂർ സ്വദേശി ഹംസത്തിനെ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നും കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങൾ ശേഖരിച്ച ശേഷം ഇയാളെ പറഞ്ഞയച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു സ്റ്റേഷനിൽ എത്തിയത്. പിന്നീട് ഇയാൾ തൊട്ടടുത്തുള്ള സൈബർ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തി. ഇവിടെ നിർത്തിയിട്ടിരുന്ന ജീപ്പിൽ കയറി ഇരുന്നു. താക്കോൽ വാഹനത്തിലുണ്ടായിരുന്നതിനാൽ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുകയായിരുന്നു.

അതേസമയം ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം നടത്തി പ്രതി പിടിയിൽ . കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയിൽ ഷംസുദ്ദീനെ (41) യാണ് അമ്പലവയൽ പോലീസ് പിടികൂടിയത്. മഞ്ഞപ്പാറ ജുമാമസ്ജിദിൽനിന്ന് 1,60,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്.

അമ്പലവയൽ-വടുവൻചാൽ പാതയിൽ മഞ്ഞപ്പാറ ടൗണിലുള്ള പള്ളിയിലാണ് ബുധനാഴ്ച പുലർച്ചെ രണ്ടോടെ മോഷണം നടന്നത്. ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് മുറിക്കുള്ളിൽ കയറിയത്. രണ്ടു മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. മോഷണത്തിനുശേഷം പുറത്തിറങ്ങി മറ്റൊരു താഴുപയോഗിച്ച് മുറിപൂട്ടി. താക്കോൽ സമീപത്തുതന്നെ വെച്ചശേഷം സ്ഥലംവിട്ടു.

രാവിലെ പള്ളിയിൽ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്നത് മനസ്സിലാക്കിയത്. ഉടൻ അമ്പലവയൽ പോലീസിൽ വിവരമറിയിച്ചു. പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷത്തിലെത്തിയ ഒരാൾ പള്ളിപ്പരിസരത്തേക്കു കയറുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പോലീസ് പിടികൂടിയത്.

അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പള്ളികളിൽ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണെന്നും മുമ്പും ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358347/police-jeep-stolen-in-kannur-suspect-arrested-new-update)