---
title: "'അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും'; ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടന് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ"
english_title: "Rajmohan Unnithan responds to Mathew Kuzhalnadan's criticism of the league"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358313/rajmohan-unnithan-responds-to-mathew-kuzhalnadans-criticism-of-the-league"
published_at: "2026-05-09T10:46:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fec4547324c_rajmohan_unnithan.jpg"
keywords: []
---

# 'അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും'; ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടന് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ

> **Lead Summary:** തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ ഗാന്ധി ജയിച്ചത് വയനാട്ടില്‍ നിന്നാണ്, പ്രിയങ്കാ ഗാന്ധി വയനാടിന്റെയും താന്‍ കാസര്‍കോടിന്റെയും എംപിയാണ്.

## Article Content

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ ഗാന്ധി ജയിച്ചത് വയനാട്ടില്‍ നിന്നാണ്, പ്രിയങ്കാ ഗാന്ധി വയനാടിന്റെയും താന്‍ കാസര്‍കോടിന്റെയും എംപിയാണ്.

കെ സുധാകരന്‍ കണ്ണൂരിന്റെയും ഷാഫി പറമ്പില്‍ വടകരയിലെയും എംപിയാണ്. അനില്‍ കുമാര്‍ വണ്ടൂര്‍ എംഎല്‍എയാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയേണ്ടെന്ന് തങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പറയാനാകുമോയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുസ്ലിം ലീഗ് യുഡിഎഫിന്റെ ടീമില്‍പ്പെട്ട ആളുകളാണ്. അവര്‍ക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. അത് രഹസ്യമായും പരസ്യമായും പറയാം. യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നത് ന്യൂനപക്ഷങ്ങള്‍ സഹായിച്ചതുകൊണ്ടാണ്. അവര്‍ക്കൊക്കെ അവരുടെ ആഗ്രഹങ്ങള്‍ രഹസ്യമായും പരസ്യമായും പറയാന്‍ ആഗ്രഹമുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ഉപയോഗിക്കുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അഭിപ്രായം പറയുന്നവരെ കൊച്ചാക്കുന്ന പ്രവണത ശരിയല്ല. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഘടകകക്ഷികളുടെ മന്ത്രിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇടപെടാത്തതുപോലെ കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനങ്ങളില്‍ ലീഗ് ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലിം ലീഗിന്റെ പിന്തുണ വി ഡി സതീശനാണല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. പ്രസ്താവനയില്‍ ലീഗ് എഐസിസി നിരീക്ഷകരോട് പരാതി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358313/rajmohan-unnithan-responds-to-mathew-kuzhalnadans-criticism-of-the-league)