---
title: "പ്രണയജോഡികൾ കൊള്ളാല്ലോ...! വ്യാജ വിലാസത്തിൽ ഫ്ലാറ്റിൽ ലഹരിക്കച്ചവടം; കണ്ണൂർ സ്വദേശിയും കാമുകിയും പിടിയിൽ "
english_title: "Drug dealing in flat under fake address, Kannur native and girlfriend arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358266/drug-dealing-in-flat-under-fake-address-kannur-native-and-girlfriend-arrested"
published_at: "2026-05-09T07:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe97a942b9b_kollam.jpg"
keywords: []
---

# പ്രണയജോഡികൾ കൊള്ളാല്ലോ...! വ്യാജ വിലാസത്തിൽ ഫ്ലാറ്റിൽ ലഹരിക്കച്ചവടം; കണ്ണൂർ സ്വദേശിയും കാമുകിയും പിടിയിൽ 

> **Lead Summary:** **കൊല്ലം: **കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.

## Article Content

**കൊല്ലം: **കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.

കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി അദ്വൈതം വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്നും പിടികൂടിയ എംഡിഎംഎ കേസാണ് പ്രതികളിലേക്ക് എത്താൻ വഴിയൊരുക്കിയത്.

23 ഗ്രാം എംഡിഎംഎ യുമായാണ് അന്ന് യുവതി പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഷംനാദിനെ ബെം​ഗളൂരുവിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഷംനാദിന് എംഡിഎംഎ കൈമാറിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്.

പിടികൂടിയവരിൽ രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ശിവമൊ​ഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.

സിജാഹിനെ മുൻപും പൊലീസ് പിടികൂടിയിട്ടുണ്ട്. സിജാഹ് മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരത്തു അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലും എംഡിഎംഎ എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെം​ഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയതാണ് അദ്വൈത.

കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രതീപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദ്, ശാസ്താംകോട്ട എസ്എച്ച്ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ശരത് കെ.പി, എഎസ്ഐ ബിജു കെ.ആർ, സിപിഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ, അഞ്ജു എന്നിവർ ചേർന്നാണ് വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്ന കമിതാക്കള ബെം​ഗളൂരുവിൽ നിന്നും പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358266/drug-dealing-in-flat-under-fake-address-kannur-native-and-girlfriend-arrested)