---
title: "വീണ്ടും ട്വിസ്റ്റ്; വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍"
english_title: "lok bhavan says vijays majority not certain in tamil nadu again uncertainty in oath taking"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358248/lok-bhavan-says-vijays-majority-not-certain-in-tamil-nadu-again-uncertainty-in-oath-taking"
published_at: "2026-05-08T22:45:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe1a575b9c9_vijay1.jpg"
keywords: []
---

# വീണ്ടും ട്വിസ്റ്റ്; വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

> **Lead Summary:** ചെന്നൈ: വിജയുടെ നാളത്തെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം. ഗവർണർ ഇതു വരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. 

## Article Content

ചെന്നൈ: വിജയുടെ നാളത്തെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം. ഗവർണർ ഇതു വരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. 

വിജയെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ. എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു. വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്.

അതേസമയം പിന്തുണകത്ത് നൽകാനാകില്ലെന്ന് അറിയിച്ച് ലീഗും രംഗത്തെത്തി. വിസികെയുടെയും, ലീഗിന്റെയും നിലപാടിൽ തുടരുന്ന അവ്യക്തതയാണ് ഇപ്പോൾ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സെക്രട്ടറിയേറ്റിൽ സത്യപ്രതിജ്ഞക്കായുള്ള ക്ഷണക്കത്തിന്റെ മാതൃക തയാറായി.

ഗവർണർ സമയം അനുവാദിക്കാത്തതിനാൽ അച്ചടിക്ക് വിടാനാകാത്ത സാഹചര്യം തുടരുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചിരുന്നത്.

തമിഴ്നാട്ടിൽ ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയാണ് ഗവർണറെ കാണാൻ വിജയ് ലോക്ഭവനിലെത്തിയത്. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എം എൽ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മുന്നാം വട്ടം എത്തിയത്.

ഇതിന് ശേഷമാണ് ലോക്ഭവൻ സത്യപ്രതിജ്ഞയ്‌ക്കുള്ള അനുവാദം നൽകിയിരുന്നത്. 108 എം എൽ എ മാരുള്ള ടി വി കെക്ക് കോൺഗ്രസ് 5, സി പി എം 2, സി പി ഐ 2, മുസ്ലിം ലീഗ് 2, വി സി കെ 1, എന്നീ എം എൽ എമാരാണ് പിന്തുണ പ്രഖ്യാപിച്ചത്.

ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചത്. ഇതിനിടെ ഗവർണർ ക്ഷണിക്കാനായി ടി വി കെ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഗവർണറെ കണ്ടിറങ്ങിയ വിജയ്, നന്ദി അറിയിക്കാനായി സി പി എം, സി പി ഐ, ലീഗ്, വി സി കെ ഓഫീസുകളിലേക്കും പോയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358248/lok-bhavan-says-vijays-majority-not-certain-in-tamil-nadu-again-uncertainty-in-oath-taking)