---
title: "'ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നത് ഒഴിവാക്കൂ'; കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരോട് വി ഡി സതീശന്‍"
english_title: " vd satheesan request congress udf workers to avoid holding demonstrations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358227/vd-satheesan-request-congress-udf-workers-to-avoid-holding-demonstrations"
published_at: "2026-05-08T19:01:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fde6ed60bfe_vd_satheesan.jpg"
keywords: []
---

# 'ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നത് ഒഴിവാക്കൂ'; കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരോട് വി ഡി സതീശന്‍

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്- യുഡിഎഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍. 102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മള്‍ നേടിയതെന്നും നമുക്കിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്- യുഡിഎഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍. 102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മള്‍ നേടിയതെന്നും നമുക്കിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അത്തരം നടപടികളില്‍ നിന്ന് പ്രിയപ്പെട്ട കോണ്‍ഗ്രസ്- യുഡിഎഫ് പ്രവര്‍ത്തകര്‍ പിന്‍മാറണം എന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് കൂറ്റൻ പ്രകടനമാണ് നടന്നത്. കെ എസ് യു, യൂത്ത് കോൺഗ്രസ്, ഡിസിസി ഭാരവാഹികൾ നേരിട്ട് നയിച്ച പ്രകടനമാണ് നടന്നത്.

അതേസമയം തന്നെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഇടുക്കിയിലും കോഴിക്കോടും കോട്ടയത്തും മലപ്പുറത്തും വിവിധയിടങ്ങളിൽ വി ഡി സതീശനായി പ്രകടനങ്ങൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രവർത്തകർ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചുളള വി ഡി സതീശന്റെ പോസ്റ്റ്.

**വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്**

***102 സീറ്റുമായി കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.***

***നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.***

***ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358227/vd-satheesan-request-congress-udf-workers-to-avoid-holding-demonstrations)