---
title: "എംവി ഹോണ്ടിയസിൽ മരണം മൂന്നായി; ഹാന്റ വൈറസ് ആശങ്കയിൽ ലോകം; ജാഗ്രതാ നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന"
english_title: "World concerned about Hanta virus; World Health Organization issues alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358200/world-concerned-about-hanta-virus-world-health-organization-issues-alert"
published_at: "2026-05-08T16:31:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdc2b40a243_World_Health_Organization_issues_alert.jpg"
keywords: []
---

# എംവി ഹോണ്ടിയസിൽ മരണം മൂന്നായി; ഹാന്റ വൈറസ് ആശങ്കയിൽ ലോകം; ജാഗ്രതാ നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന

> **Lead Summary:** അർജന്റീനയിൽ നിന്നുള്ള ആഡംബര കപ്പലായ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

## Article Content

അർജന്റീനയിൽ നിന്നുള്ള ആഡംബര കപ്പലായ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

149 യാത്രക്കാരുമായി യാത്ര തിരിച്ച കപ്പലിൽ മൂന്ന് പേർ മരണപ്പെടുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിൽ അഞ്ചെണ്ണം ഹാന്റ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വായുവിലൂടെ പടരാൻ സാധ്യതയുള്ളതിനാൽ രോഗബാധ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ യാത്രക്കാരായ മൂന്ന് പേർ ഇതിനോടകം വൈറസ് ബാധിച്ചു മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകമെമ്പാടും രോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നത്.

എന്നാൽ കപ്പലിൽ പടർന്ന ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഹാൻ്റ വൈറസ് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്.

> എന്നാൽ ആദ്യമരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ തുടർന്നതാണ് വൈറസ് വ്യാപിക്കാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. ആദ്യത്തേത് "സ്വാഭാവിക മരണം" എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358200/world-concerned-about-hanta-virus-world-health-organization-issues-alert)