---
title: "'ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച'; 102-പേരിൽ ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താൻ യുഡിഎഫിന് സാധിക്കുന്നില്ലെന്ന് ഇ പി ജയരാജൻ"
english_title: "ep jayarajan comments on ldf defeat kerala election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358166/ep-jayarajan-comments-on-ldf-defeat-kerala-election"
published_at: "2026-05-08T14:30:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fda72a942c5_ep_jayarajan.jpg"
keywords: []
---

# 'ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച'; 102-പേരിൽ ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താൻ യുഡിഎഫിന് സാധിക്കുന്നില്ലെന്ന് ഇ പി ജയരാജൻ

> **Lead Summary:** കണ്ണൂർ: ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കുമെന്നും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് തങ്ങൾക്ക് ഉണ്ടായതെന്നും സിപിഐഎം നേതാവ് ഇ പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ദുർബലപ്പെട്ടതാണ് ലോകത്തിന്റെ ഇന്നത്തെ നാശത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂർ: ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കുമെന്നും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് തങ്ങൾക്ക് ഉണ്ടായതെന്നും സിപിഐഎം നേതാവ് ഇ പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ദുർബലപ്പെട്ടതാണ് ലോകത്തിന്റെ ഇന്നത്തെ നാശത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം 102പേരിൽ നിന്നും ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താൻ യുഡിഎഫിന് സാധിക്കുന്നില്ലെന്നും യുഡിഎഫും കോൺഗ്രസും അത്യന്തം തകർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ തകർച്ച കേരള രാഷ്ട്രീയത്തിൽ മാറ്റം സൃഷ്ടിക്കുകയും വലതുപക്ഷ ശക്തികൾക്ക് കരുത്തുണ്ടാക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

സംസ്ഥാനത്ത് ഇത്തരമൊരു വിധി ഉണ്ടാകുമെന്ന് വിചാരിച്ചില്ല. അപ്രതീക്ഷിത പരാജയമാണ് എൽഡിഎഫിന് ഉണ്ടായത്. കഴിഞ്ഞ പത്തുവർഷത്തിനിടെ എല്ലാ രംഗങ്ങളിലും കേരളത്തിൽ പുരോഗതിയും അത്ഭുതാവഹമായ വളർച്ചയും ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ തന്നെ അനുകൂല വിധിയാണ് പ്രതീക്ഷിച്ചത്. ഫലം അപ്രതീക്ഷിതമായി പോയി.

ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ലോകം ഇന്ന് നേരിടുന്ന പ്രശ്‌നം ഇടതുപക്ഷത്തിന്റെ തകർച്ചയാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ചെയ്യാനുള്ളതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വലതുപക്ഷ തീവ്രവാദിയാണ് ട്രംപ്. ആ വലതുപക്ഷ മുൻകൈയാണ് ലോകത്തിൽ നാശംവിതയ്ക്കുന്നത്. ഇടതുപക്ഷത്തെ ആക്രമിക്കാൻ വലതുപക്ഷം ശക്തരാണ്. സോഷ്യൽ മീഡിയയും മാധ്യമങ്ങളുമാണ് അവരുടെ രംഗം. വലതുപക്ഷ ശക്തികളുടെ കൈവശമാണ് മാധ്യമശൃംഖല മുഴുവനെന്നും ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358166/ep-jayarajan-comments-on-ldf-defeat-kerala-election)