---
title: "മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്, ഹൈക്കമാൻഡ് തീരുമാനം നിർണായകം"
english_title: "AICC observers' report toda , high command decision crucial"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358041/aicc-observers-report-toda-high-command-decision-crucial"
published_at: "2026-05-08T06:19:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd332acd273_udf.jpg"
keywords: []
---

# മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്, ഹൈക്കമാൻഡ് തീരുമാനം നിർണായകം

> **Lead Summary:** തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും.

## Article Content

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും.

ഉദ്ദേശിച്ചതിനേക്കാള്‍ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷത്തിന്‍റെ അവകാശവാദം. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമ്പോള്‍, 20ലേറ എംഎല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുകയാണ്. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ എംഎൽഎമാരുടെ എണ്ണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കെ സി വേണുഗോപാൽ. എന്നാൽ ഘടകക്ഷികളുടെ നിലപാടിലാണ് സതീശൻ പക്ഷത്തിന്‍റെ പ്രതീക്ഷ. രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല. അന്തിമ തീരുമാനത്തിനായി സംസ്ഥാനത്തെ സീനീയർ നേതാക്കളെ ഇന്നോ നാളെയോ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിക്കും.

അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാന്റിന് ബോദ്ധ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി ഡി സതീശൻ ക്യാംപ്. ഘടകകക്ഷികളുടെ പിന്തുണ കൂടി കണക്കിലെടുത്താകണം തീരുമാനമെന്നാണ് നിലപാട്. എന്നാൽ മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ സതീശൻ ക്യാബിനറ്റിലേക്കില്ലെന്ന തരം പ്രചാരണം സജീവമായുണ്ടെങ്കിലും ഇക്കാര്യത്തിൽ വി ഡി ക്യാംപിൽ നിന്ന് വ്യക്തതയില്ല.‌‌

അതേസമയം, കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീംലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ ലീഗില്‍ അമര്‍ഷം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പോരില്‍ പാര്‍ട്ടിയെ വലിച്ചിഴക്കുന്നത് അനാവശ്യാണെന്ന വികാരമാണ് ലീഗിനുള്ളത്.

മാത്യുവിനെതിരെ കെ എം സി സി നേതാവ് പുത്തൂര്‍ റഹ്മാന്‍ രംഗത്തെത്തിയിരുന്നു. മുന്നണി രാഷ്ട്രീയം എന്നത് ഒറ്റക്കക്ഷി തീരുമാനം അല്ലെന്നും മധ്യപ്രദേശിലെ അനുഭവം കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358041/aicc-observers-report-toda-high-command-decision-crucial)