---
title: "'ക്ഷേമ പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വഹണവും പരിശോധിച്ചാല്‍ ജയിക്കേണ്ടതായിരുന്നു; ഉണ്ടായത് വിപരീത വിധി' - ടി.പി. രാമകൃഷ്ണന്‍"
english_title: "TP Ramakrishnan says election defeat will be analyzed very carefully"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357997/tp-ramakrishnan-says-election-defeat-will-be-analyzed-very-carefully"
published_at: "2026-05-07T17:45:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc82dfd313c_tp_ramakrishnan.jpg"
keywords: []
---

# 'ക്ഷേമ പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വഹണവും പരിശോധിച്ചാല്‍ ജയിക്കേണ്ടതായിരുന്നു; ഉണ്ടായത് വിപരീത വിധി' - ടി.പി. രാമകൃഷ്ണന്‍

> **Lead Summary:** തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ക്ഷേമ പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വഹണവും പരിശോധിച്ചാല്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ വിപരീത വിധിയാണ് ഉണ്ടായത്. ജനക്ഷേമ നിലപാട് ഇനിയും തുടരുമെന്നും എങ്ങനെ തോല്‍വിയുണ്ടായി എന്ന് അതിസൂക്ഷ്മമായി വിലയിരുത്തുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

## Article Content

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ക്ഷേമ പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വഹണവും പരിശോധിച്ചാല്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ വിപരീത വിധിയാണ് ഉണ്ടായത്. ജനക്ഷേമ നിലപാട് ഇനിയും തുടരുമെന്നും എങ്ങനെ തോല്‍വിയുണ്ടായി എന്ന് അതിസൂക്ഷ്മമായി വിലയിരുത്തുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

തോല്‍വി സംബന്ധിച്ച് എല്ലാ പാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കും. തിരിച്ചടിക്ക് കാരണമെന്താണ് എന്ന് എല്ലാ പാര്‍ട്ടി കമ്മറ്റികളും പരിശോധിക്കും. ജനവിധി അംഗീകരിക്കുന്നു. ജൂണ്‍ 15 ന് ഉള്ളില്‍ വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഒരു തിരിച്ചടി ഉണ്ടായതിനെ തുടർന്ന് ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്ന നിലപാട് ഇടതു മുന്നണിക്കില്ല. ജനക്ഷേമ കാഴ്ചപ്പാട് ഇടതു മുന്നണി തുടരും. പ്രതികൂല സാഹചര്യത്തിലും ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. 100 ലധികം സീറ്റ് കിട്ടുമെന്ന വി ഡി സതീശൻ പ്രവചനം ശരി ആയിരുന്നിരിക്കാം. പക്ഷെ ഞങ്ങൾ അത് കരുതിയില്ല. ഞങ്ങളുടെ നിലപാടിൽ മാറ്റം വരുത്തും. ഞങ്ങൾ പി ആർ ഏജൻസിയുടെ അടുത്തേക്കല്ല പോകുന്നത്. ജനങ്ങളിലേക്ക് ഇറങ്ങും, അവർ പറയുന്നത് കേട്ടെ ഞങ്ങൾക്ക് തിരുത്താൻ കഴിയൂവെന്ന് അദേഹം പറഞ്ഞു.

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് ഉണ്ടായി എന്ന് തീരുമാനത്തില്‍ എല്‍ഡിഎഫ് എത്തിയിട്ടില്ല. എന്നാല്‍ വര്‍ഗീയ ചേരിതിരിതന് ശ്രമം ഉണ്ടായി. ഭരണവിരുദ്ധ വികാരമുണ്ടായി എന്ന നിഗമനത്തില്‍ ഇപ്പോഴും എത്തിയിട്ടില്ല. ഇനി എത്തുമോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ല. സെക്രട്ടറിയെ മാറ്റുകയോ നേതൃത്വത്തെ മാറ്റുകയോ എന്നുള്ള ആലോചന ഇപ്പോള്‍ പാര്‍ട്ടിക്ക് മുന്നില്‍ ഇല്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നയിക്കാന്‍ എം സ്വരാജും പി. ജയരാജനും വരട്ടെയെന്ന പോസ്റ്ററുകളുമായി ഇടതുപക്ഷ മുന്നണിക്ക് ബന്ധമില്ലെന്നും ആരാണ് പോസ്റ്റര്‍ വച്ചതെന്ന് പ്രാദേശികമായി പരിശോധിക്കട്ടെ എന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ സ്മൃതി മണ്ഡപത്തില്‍ പിണറായി പോകാത്തത് സമയം കിട്ടാത്തതുകൊണ്ടാകാമെന്നും ടിപി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ഭയമായി അഭിപ്രായം പറയാം എന്നു പറയുന്നതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. ഇതുവരെ ഭയത്തോടെ അഭിപ്രായം പറഞ്ഞിരുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ പാടില്ല. തുറന്നു പറയുക എന്നത് മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്നും എംഎ ബേബിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തോട് ടി.പി. രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.

അതേസമയം ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും വര്‍ഗവഞ്ചകര്‍ എന്ന് ഇപ്പോള്‍ പറയാനാകില്ല. തെറ്റു തിരുത്തി തിരിച്ചുവരാമെന്നും അങ്ങനെ വന്നവര്‍ ഉണ്ടെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357997/tp-ramakrishnan-says-election-defeat-will-be-analyzed-very-carefully)