---
title: "മുഖ്യമന്ത്രി നറുക്ക് ആർക്ക്....? കെ സിക്ക്  46 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ചത് എട്ട് പേർ; വി ഡി സതീശന് ആറ് പേരുടെ പിന്തുണ മാത്രം"
english_title: "46 MLA Supports k c venugopal as congress cm"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357953/46-mla-supports-k-c-venugopal-as-congress-cm"
published_at: "2026-05-07T15:16:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc60e97079e_congress.jpg"
keywords: []
---

# മുഖ്യമന്ത്രി നറുക്ക് ആർക്ക്....? കെ സിക്ക്  46 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ചത് എട്ട് പേർ; വി ഡി സതീശന് ആറ് പേരുടെ പിന്തുണ മാത്രം

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. നിയമസഭാ കക്ഷി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശനും പിന്തുണച്ചു. എംഎല്‍എമാരില്‍ നിന്നും എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകര്‍ അഭിപ്രായം തേടി. 46പേരുടെ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. എട്ട് പേര്‍ രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ആറ് പേര്‍ മാത്രമാണ് വി ഡി സതീശനെ പിന്തുണച്ചത്. മൂന്ന് പേര്‍ ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും നിരീക്ഷകരെ അറിയിച്ചു.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. നിയമസഭാ കക്ഷി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശനും പിന്തുണച്ചു. എംഎല്‍എമാരില്‍ നിന്നും എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകര്‍ അഭിപ്രായം തേടി. 46പേരുടെ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. എട്ട് പേര്‍ രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ആറ് പേര്‍ മാത്രമാണ് വി ഡി സതീശനെ പിന്തുണച്ചത്. മൂന്ന് പേര്‍ ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും നിരീക്ഷകരെ അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. അതിനിടെ, കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി. എ ഗ്രൂപ്പിലെ ഒരു വിഭാഗം കെ സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ വൈകീട്ട് കൂടിക്കാഴ്ച നടത്തും. സതീശനുള്ള പൂർണ്ണ പിന്തുണ മുസ്ലിം ലീഗ് അറിയിക്കും. നിരീക്ഷകർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രിയെ നിശ്ചയിക്കും.

മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ പ്രഖ്യാപനം ഉണ്ടായേക്കും.അതിനിടെ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്‍റേയും അജയ് മാക്കാന്‍റേയും സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്താങ്ങി.

മുഖ്യമന്ത്രി ചര്‍ച്ചയോട് വി ഡി സതീശന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന നിലപാട് വി ഡി സതീശന്‍ നിരീക്ഷരെ അറിയിച്ചുവെന്നാണ് സൂചന. എംഎല്‍എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും വി ഡി സതീശന്‍ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ബാനറുകള്‍ സജീവമാവുകയാണ്. കൊല്ലം പത്താപുരത്ത് വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന വാചകങ്ങളുള്ള ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കെപിസിസി ആസ്ഥാനത്തിന്റെ മുന്നില്‍ കെസി വേണുഗോപാലിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. വി വാണ്ട് കെ സി എന്ന തലക്കെട്ടിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357953/46-mla-supports-k-c-venugopal-as-congress-cm)