---
title: " രോഗം എങ്ങനെ വന്നു? ജലാശയങ്ങളിൽ കുളിച്ചില്ല, അരയ്ക്കുതാഴെ തളർന്ന  40-കാരിക്ക്  അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു "
english_title: " A 40-year-old woman in Arattupuzha has been confirmed to have amoebic encephalitis."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357853/a-40-year-old-woman-in-arattupuzha-has-been-confirmed-to-have-amoebic-encephalitis"
published_at: "2026-05-07T10:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc23780b111_gheat.jpg"
keywords: []
---

#  രോഗം എങ്ങനെ വന്നു? ജലാശയങ്ങളിൽ കുളിച്ചില്ല, അരയ്ക്കുതാഴെ തളർന്ന  40-കാരിക്ക്  അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു 

> **Lead Summary:** **മുതുകുളം: ** 40-കാരി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു . ആറാട്ടുപുഴ കിഴക്കേക്കര മൂന്നാം വാർഡുകാരിയായ 40-കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് വിവരം.

## Article Content

**മുതുകുളം: ** 40-കാരി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു . ആറാട്ടുപുഴ കിഴക്കേക്കര മൂന്നാം വാർഡുകാരിയായ 40-കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് വിവരം.

രണ്ടരവർഷം മുൻപ്‌ അരയ്ക്കുതാഴെ തളർന്നുപോയ ഇവർ തുടർച്ചികിത്സയിലായിരുന്നു. ആറുമാസം കൂടുമ്പോൾ എടുക്കേണ്ട ഇഞ്ചക്ഷനും പരിശോധനയ്ക്കുമായി ഏപ്രിൽ 16-ന് ആശുപത്രിയിലെത്തിയിരുന്നു. കഴിഞ്ഞ രണ്ടിന് വീട്ടിൽ തിരികെയെത്തിയെങ്കിലും അവിടെവെച്ച് ശേഖരിച്ച രക്തസാംപിളിന്റെ പരിശോധനാഫലം പോസിറ്റീവായി. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽത്തന്നെ തിരികേ പ്രവേശിപ്പിക്കുകയായിരുന്നു.

മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയാണ് ഈ രോഗം സാധാരണ ബാധിക്കാറുള്ളത്. എന്നാൽ, ഇങ്ങനെ കുളിച്ചിട്ടില്ലെന്നാണ് രോഗി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിശദമായ പഠനം നടത്തുമെന്നാണറിയുന്നത്.

രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പഞ്ചായത്തിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച വാർഡിലെ മുഴുവൻ വീടുകളിലും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി മുൻകരുതലുകൾ വിവരിക്കുന്ന ലഘുലേഖകൾ നൽകി. ഉച്ചഭാഷിണി വഴിയും ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357853/a-40-year-old-woman-in-arattupuzha-has-been-confirmed-to-have-amoebic-encephalitis)