---
title: "ലോട്ടറി ജോലിക്ക് പോയതിന് പകവീട്ടൽ; ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച ഭർത്താവിന് 31 വർഷം കഠിനതടവ്"
english_title: "Husband who threw acid on wife and daughter in revenge for going to lottery job gets 31 years in prison"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357821/husband-who-threw-acid-on-wife-and-daughter-in-revenge-for-going-to-lottery-job-gets-31-years-in-prison"
published_at: "2026-05-07T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc0fc40924d_Husband_who_threw_acid_on_wife_and_daughter_in_revenge_for_going_to_lottery_job_gets_31_years_in_prison.jpg"
keywords: []
---

# ലോട്ടറി ജോലിക്ക് പോയതിന് പകവീട്ടൽ; ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച ഭർത്താവിന് 31 വർഷം കഠിനതടവ്

> **Lead Summary:** **കൊല്ലം :[ ** കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവ്. മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭ ഭവനിൽ ജയനെയാണ്‌ കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്‌. തടവുശിക്ഷയ്ക്ക് പുറമെ ഒന്നരലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു.

## Article Content

**കൊല്ലം :[ ** കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവ്. മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭ ഭവനിൽ ജയനെയാണ്‌ കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്‌. തടവുശിക്ഷയ്ക്ക് പുറമെ ഒന്നരലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു.

2020 ഡിസംബർ ഒന്നിനാണ്‌ സംഭവം. വാളത്തുംഗൽ സഹൃദയ ക്ലബ്ബിനുസമീപം താമസിക്കുന്ന രജിയ്ക്കും മകൾക്കും നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. ജയന്റെ നിരന്തരമായ ശാരീരിക ഉപദ്രവത്തെ തുടർന്ന് മൂന്ന് പെൺമക്കളുമായി കുടുംബവീട്ടിലാണ്‌ രജി താമസിച്ചിരുന്നത്‌. ജോലിക്ക്‌ പോവരുതെന്ന്‌ രജിയെ വിലക്കിയിരുന്നു.

എന്നാൽ, യുവതി ലോട്ടറിക്കടയിൽ ജോലിക്ക്​ പോയതിന്റെ വൈരാഗ്യം മൂലം ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒന്നിന്​ രാത്രി ഒമ്പതോടെ ആസിഡുമായി വീട്ടിലെത്തിയ ജയൻ വഴക്കുണ്ടാക്കി. എന്നാൽ, രജി ഇരവിപുരം പൊലീസിനെ വിവരമറിയിച്ച്‌ അവർ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കടന്നു. പൊലീസ് പോയപ്പോൾ വീണ്ടുമെത്തി ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.

ദേഹമാസകലം പരിക്കേറ്റ രജിയെയും മകളെയും അയൽക്കാർ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവശേഷം ജാമ്യം എടുത്ത പ്രതി ഒളിവിൽപോയി. തുടർന്ന്‌ 2025 ആഗസ്ത്‌ അഞ്ചിന്‌ പ്രതി വീണ്ടും പൊലീസ്‌ പിടിയിലാകുകയും ജാമ്യം നൽകാതെ വിചാരണ നടത്തുകയുമായിരുന്നു.

കേസിലെ പ്രധാന സാക്ഷികളായ ഭാര്യയും മകളും മറ്റ് അയൽക്കാരും പ്രോസിക്യൂഷന് അനുകൂലമായി കോടതിയിൽ മൊഴി നൽകി. പ്രതിക്ക്‌ ആസിഡ് നൽകിയ രണ്ടാംപ്രതി സുരേഷ് വിചാരണ കാലയളവിൽ മരിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച അയൽക്കാരൻ സാക്ഷി പറയാതിരിക്കാൻ പ്രതി ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ തീയിട്ട്‌ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ വിനോദാണ്‌ കേസ്‌ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യൂഷന് വേണ്ടി സിസിൻ ജി മുണ്ടയ്ക്കൽ, സോജ തുളസീധരൻ, അഡ്വ. ഗോകുൽ പി രാജ്‌ എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357821/husband-who-threw-acid-on-wife-and-daughter-in-revenge-for-going-to-lottery-job-gets-31-years-in-prison)