---
title: "പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ"
english_title: "Job offers to foreign countries, lakhs of rupees embezzled from candidates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357772/job-offers-to-foreign-countries-lakhs-of-rupees-embezzled-from-candidates"
published_at: "2026-05-06T21:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb62ed30353_counsll.jpg"
keywords: []
---

# പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ

> **Lead Summary:** **എറണാകുളം: **വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്ഥാപന ഉടമയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. പറവൂർ പരുവത്തുരുത്ത് സ്വദേശി ജിബി കെ.എ ആണ് പിടിയിലായത്.

## Article Content

**എറണാകുളം: **വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്ഥാപന ഉടമയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. പറവൂർ പരുവത്തുരുത്ത് സ്വദേശി ജിബി കെ.എ ആണ് പിടിയിലായത്.

കേന്ദ്ര സർക്കാരിന്റെയോ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിന്റെയോ യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

വാഴക്കാല പടമുകൾ ഭാഗത്ത് പ്രവർത്തിക്കുന്ന 'ഭീഷ്മാ എജ്യുക്കേഷണൽ സർവീസ് LLP' എന്ന സ്ഥാപനത്തെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി.

പടമുകൾ ഹെവൻലി പ്ലാസ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ തൃക്കാക്കര സബ് ഇൻസ്പെക്ടർ അനസ് വി.ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.

അനധികൃത പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ആളുകളെ അയക്കാൻ നിയമപരമായ യാതൊരു അധികാരപത്രവുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്.

പൊലീസ് നടത്തിയ പരിശോധനയിൽ ഉദ്യോഗാർത്ഥികളുമായി ഒപ്പിട്ട എഗ്രിമെന്റുകൾ, പണം കൈപ്പറ്റിയ രസീതുകൾ, ഉദ്യോഗാർത്ഥികളുടെ പാസ്‌പോർട്ടുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

ഏകദേശം 95ഓളം പേരെ വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പ്രതിയും ഭാര്യ മെയ് മോളും ചേർന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഉദ്യോഗാർത്ഥികളിൽ നിന്നും സമാഹരിച്ച പണം ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ജോയ് ഓവർസീസ്' എന്ന സ്ഥാപനത്തിലെ അജയ് കുണ്ടവരം, പ്രിൻസ് ലോഹ്യ എന്നിവർക്ക് കൈമാറിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

ഈ ഹൈദരാബാദ് സ്ഥാപനത്തിനും വിദേശത്തേക്ക് ആളുകളെ അയക്കാൻ നിയമപരമായ അധികാരമില്ലെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357772/job-offers-to-foreign-countries-lakhs-of-rupees-embezzled-from-candidates)