---
title: "പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; തമിഴക വെട്രി കഴകം ഭാരവാഹി പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Tamil Vetri Kazhagam office bearer arrested in POCSO case after complaint of molestation of girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357761/tamil-vetri-kazhagam-office-bearer-arrested-in-pocso-case-after-complaint-of-molestation-of-girl"
published_at: "2026-05-06T19:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb4e7be76ac_arrest.jpg"
keywords: []
---

# പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; തമിഴക വെട്രി കഴകം ഭാരവാഹി പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: ( **[www.truevisionnews.com]** )** തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോകുന്നതിനിടെ പാർട്ടിയെ പ്രതിരോധത്തിലാക്കി ഭാരവാഹിയുടെ അറസ്റ്റ്.

## Article Content

**ചെന്നൈ: ( **[www.truevisionnews.com]** )** തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോകുന്നതിനിടെ പാർട്ടിയെ പ്രതിരോധത്തിലാക്കി ഭാരവാഹിയുടെ അറസ്റ്റ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ടിവികെ ഭാരവാഹിയായ ദിനേഷ് എന്ന 'പാമ്പ്' ദിനേഷിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. കാസിമേട് സ്വദേശിയായ ദിനേഷിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റോയപുരം വനിതാ പൊലീസാണ് നടപടിയെടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പ്രത്യേക പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. ചെന്നൈയിലെ പ്രാദേശിക ഭാരവാഹിയായ ദിനേഷിനെ ബുധനാഴ്ചയാണ് പൊലീസ് പിടികൂടിയത്.

ഏപ്രിൽ 23-ന് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച പരാതി ലഭിച്ചതോടെ ദിനേഷ് ഒളിവിൽ പോവുകയായിരുന്നു. പാർട്ടി പദവി ദുരുപയോഗം ചെയ്താണ് പ്രതി പ്രവർത്തിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

സർക്കാർ രൂപീകരണത്തിനായി ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ച വിജയ്ക്കും പാർട്ടിക്കും പുതിയ സംഭവം കടുത്ത തിരിച്ചടിയായിട്ടുണ്ട്. പൂനമല്ലിയിലെ ടിവികെ സ്ഥാനാർത്ഥി പ്രകാശിനെതിരെയും നേരത്തെ സമാനമായ ലൈംഗികാരോപണം ഉയർന്നിരുന്നു. പ്രതിയായ ദിനേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357761/tamil-vetri-kazhagam-office-bearer-arrested-in-pocso-case-after-complaint-of-molestation-of-girl)