---
title: "'തിരുത്താൻ സിപിഎം എത്രത്തോളം തയ്യാറാകുന്നോ അത്രത്തോളം നല്ലത്, സെക്രട്ടറി മാറിയത് കൊണ്ട് സിപിഎം രക്ഷപ്പെടില്ല' - വി. കുഞ്ഞികൃഷ്ണൻ"
english_title: "CPM's defeat in the elections, the resignation of the state secretary alone is of no use, VKunhikrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357750/cpms-defeat-in-the-elections-the-resignation-of-the-state-secretary-alone-is-of-no-use-vkunhikrishnan"
published_at: "2026-05-06T17:58:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb342918791_new_card_psd2.jpg"
keywords: []
---

# 'തിരുത്താൻ സിപിഎം എത്രത്തോളം തയ്യാറാകുന്നോ അത്രത്തോളം നല്ലത്, സെക്രട്ടറി മാറിയത് കൊണ്ട് സിപിഎം രക്ഷപ്പെടില്ല' - വി. കുഞ്ഞികൃഷ്ണൻ

> **Lead Summary:** **പയ്യന്നൂർ: **കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം. പരാജയത്തിൽ സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് മാത്രം പ്രയോജനമില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. സെക്രട്ടറി അല്ല അപകടം. കേരളത്തിലെ പാർട്ടിയെ നിയന്ത്രിക്കുന്നതാര്, അഭിപ്രായങ്ങളെ ചോദ്യം ചെയ്യാൻ എന്തുകൊണ്ട് മറ്റുള്ളവർ സന്നദ്ധമാകുന്നില്ല, എന്നതിനെക്കുറിച്ചെല്ലാം വിശകലനം ചെയ്യുമ്പോൾ ഒരു സെക്രട്ടറിയിൽ മാത്രം കേന്ദ്രീകരിച്ചല്ല കാര്യങ്ങളെല്ലാം പോകുന്നത്.

## Article Content

**പയ്യന്നൂർ: **കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം. പരാജയത്തിൽ സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് മാത്രം പ്രയോജനമില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. സെക്രട്ടറി അല്ല അപകടം. കേരളത്തിലെ പാർട്ടിയെ നിയന്ത്രിക്കുന്നതാര്, അഭിപ്രായങ്ങളെ ചോദ്യം ചെയ്യാൻ എന്തുകൊണ്ട് മറ്റുള്ളവർ സന്നദ്ധമാകുന്നില്ല, എന്നതിനെക്കുറിച്ചെല്ലാം വിശകലനം ചെയ്യുമ്പോൾ ഒരു സെക്രട്ടറിയിൽ മാത്രം കേന്ദ്രീകരിച്ചല്ല കാര്യങ്ങളെല്ലാം പോകുന്നത്.

അതുകൊണ്ട് സെക്രട്ടറി മാറിയതുകൊണ്ട് പ്രയോജനമില്ല. പാർട്ടിക്കകത്ത് ശരിയായ നിലയിൽ തുറന്നുപറച്ചിലും ചർച്ചയുമാവശ്യമാണ്. ആ ചർച്ചയിൽ ഉയർന്നുവരുന്ന ശരിയായ അഭിപ്രായങ്ങൾക്ക് അനുസരിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്.

ഒരാൾ പ്രഖ്യാപിക്കുകയും അത് തീരുമാനമായി അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന രീതിയിലേക്ക് കേരളത്തിലെ പാർട്ടി മാറിയിരിക്കുന്നു എന്ന ബോധ്യമാണ് എനിക്കുള്ളത്.  തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുക എന്നത് സാമാന്യ നീതിയാണ്. ശിക്ഷിക്കപ്പെടാതെ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാൽ പിന്നെ എന്ത് തെറ്റ് തിരുത്താനാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്താൻ കഴിയുന്ന പാർട്ടി ആയിരുന്നു. അങ്ങനെ തയ്യാറാകേണ്ടുന്ന പാർട്ടിയാണ്. പക്ഷെ കുറച്ചുകാലമായി അങ്ങനെ ഉണ്ടാകുന്നില്ല എന്നതാണ് ഈയൊരു അനുഭവത്തിന്റെ വെളിച്ചത്തിൽ മനസിലാകുന്നത്. ഇതിനുമുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് കാണാൻ സാധിക്കാത്ത പ്രവണതകളാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. ഇതിനുമുമ്പ് ഇങ്ങനെ കൂട്ടമായി പാർട്ടിയുടെ നേതൃത്വത്തിലുള്ള ആളുകൾ ആ പാർട്ടിക്കെതിരെ മത്സരരംഗത്ത് വരുന്നത് എപ്പൊഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

ജി സുധാകരൻ, ടി.കെ ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ പാർട്ടി തീരുമാനത്തിനെതിരായി പരസ്യമായി രംഗത്ത് വന്ന് മത്സരിക്കുന്ന അവസ്ഥയിലേക്ക് മാറി. ഈ പ്രവണത കൂടാനാണ് സാധ്യത. ഇത് കൂടിക്കൂടി വരുമ്പോൾ പൊട്ടിത്തെറിയിലേക്ക് പാർട്ടി എത്തിച്ചേരും. അത് ബംഗാളിന്റെ അവസ്ഥയിലേക്ക് പാർട്ടിയെ എത്തിക്കുമെന്ന മുന്നറിയിപ്പ് എന്റെ പുസ്തകത്തിൽ തന്നെ നൽകിയിട്ടുള്ളതാണ്. അതുകൊണ്ട് തിരുത്താൻ സിപിഎം എത്രത്തോളം തയ്യാറാകുന്നോ അത്രത്തോളം നല്ലത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357750/cpms-defeat-in-the-elections-the-resignation-of-the-state-secretary-alone-is-of-no-use-vkunhikrishnan)