---
title: "വെള്ളത്തിനോട് വിരക്തി പ്രകടിപ്പിച്ചു, വായിൽനിന്ന് നുരയും പതയും വന്നു; ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം"
english_title: "Death of first-grader in Cheruthuruthy confirmed as rabies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357721/death-of-first-grader-in-cheruthuruthy-confirmed-as-rabies-new"
published_at: "2026-05-06T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb1daa3744c_dead.jpg"
keywords: []
---

# വെള്ളത്തിനോട് വിരക്തി പ്രകടിപ്പിച്ചു, വായിൽനിന്ന് നുരയും പതയും വന്നു; ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

> **Lead Summary:** **തൃശ്ശൂർ: ** ചെറുതുരുത്തിയിൽ കുഴഞ്ഞുവീണ് മരിച്ച ഏഴുവയസുകാരിയുടെ മരണം പേവിഷബാധയെത്തുടർന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സൻഹ മെഹ്റിനാണ് മരിച്ചത്. കഴിഞ്ഞ മാസം 28-ാം തീയതി ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

**തൃശ്ശൂർ: ** ചെറുതുരുത്തിയിൽ കുഴഞ്ഞുവീണ് മരിച്ച ഏഴുവയസുകാരിയുടെ മരണം പേവിഷബാധയെത്തുടർന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സൻഹ മെഹ്റിനാണ് മരിച്ചത്. കഴിഞ്ഞ മാസം 28-ാം തീയതി ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

 ഈ സമയം കുട്ടി വെള്ളത്തിനോട് വല്ലാത്ത വിരക്തി പ്രകടിപ്പിക്കുകയും വായിൽനിന്ന് നുരയും പതയും വരികയും ചെയ്തതായാണ് വിവരം.  പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ കുട്ടിയുടെ സ്രവമെടുത്ത് പരിശോധനയ്ക്ക് സെൻട്രൽ ലാബിലേക്ക് അയയ്ക്കുകയുമായിരുന്നു.

ഇതിന്റെ പരിശോധനാ ഫലത്തിലാണ് പേവിഷബാധയാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, എവിടെനിന്നാണ് കുട്ടിക്ക് പേവിഷബാധയേറ്റത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കുട്ടിക്ക് വീടിനടുത്തുള്ള പൂച്ചകളുമായി കളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.

അത്തരം സാഹചര്യത്തിൽ നിന്നാണോ പേവിഷബാധയേറ്റത് എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിഷയത്തിൽ തുടരന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ കുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്ന 15-ഓളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357721/death-of-first-grader-in-cheruthuruthy-confirmed-as-rabies-new)