---
title: "  പവർ ബാങ്ക് സൃഷ്ടിച്ച പരിഭ്രാന്തി....! വിമാനം ലാൻഡിംഗിന് പിന്നാലെ പവർ ബാങ്കിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ച് ഇൻഡിഗോ"
english_title: " IndiGo evacuates passengers after power bank catches fire after landing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357702/indigo-evacuates-passengers-after-power-bank-catches-fire-after-landing"
published_at: "2026-05-06T15:25:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb1013cd591_fly.jpg"
keywords: []
---

#   പവർ ബാങ്ക് സൃഷ്ടിച്ച പരിഭ്രാന്തി....! വിമാനം ലാൻഡിംഗിന് പിന്നാലെ പവർ ബാങ്കിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ച് ഇൻഡിഗോ

> **Lead Summary:** **ചണ്ഡീഗഡ്: ** ലാൻഡിംഗിന് പിന്നാലെ വിമാനത്തിനുള്ളിൽ തീ പടർന്നതിനെത്തുടർന്ന് ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതാണ് പരിഭ്രാന്തി പരത്തിയത്.

## Article Content

**ചണ്ഡീഗഡ്: ** ലാൻഡിംഗിന് പിന്നാലെ വിമാനത്തിനുള്ളിൽ തീ പടർന്നതിനെത്തുടർന്ന് ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതാണ് പരിഭ്രാന്തി പരത്തിയത്.

198 യാത്രക്കാരും ആറ് ജീവനക്കാരും സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു സുരക്ഷാ അലാറം മുഴങ്ങിയത്. ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വിമാനം ഹൈദരാബാദിൽനിന്ന് പറന്നുയർന്ന് ഉച്ചകഴിഞ്ഞ് 3.29നാണ് ചണ്ഡീഗഡ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീ പടരുന്നത് ശ്രദ്ധയിൽപ്പെടുകയും തീ അണയ്ക്കാൻ ക്രൂ അംഗങ്ങൾ വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്തതാണ് വൻ അപകടം ഒഴിവാക്കിയത്. തീ അണച്ചപ്പോഴേക്കും ക്യാബിനിനുള്ളിൽ പുക പടർന്നിരുന്നു.

മുൻകരുതൽ എന്ന നിലയിൽ അടിയന്തര പ്രോട്ടോക്കോളുകൾ സജീവമാക്കി ക്രൂ അംഗങ്ങൾ എമർജൻസി എക്സിറ്റ് വാതിലുകൾ തുറന്ന് എയർ സ്ലൈഡുകൾ ഉപയോഗിച്ച് യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഫയർ ടീം സംഭവസ്ഥലത്തെത്തിയപ്പോഴേക്കും സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. വിമാനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357702/indigo-evacuates-passengers-after-power-bank-catches-fire-after-landing)