---
title: "'സിപിഎമ്മിൽ ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല; പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കുഞ്ഞിക്കൃഷ്ണന്റെ വിജയം' -ടി.കെ.ഗോവിന്ദൻ"
english_title: "Taliparamba MLA designate TK Govindan says CPM is not going to correct its mistakes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357688/taliparamba-mla-designate-tk-govindan-says-cpm-is-not-going-to-correct-its-mistakes"
published_at: "2026-05-06T14:51:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb08c078e36_tk_govindan.jpg"
keywords: []
---

# 'സിപിഎമ്മിൽ ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല; പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കുഞ്ഞിക്കൃഷ്ണന്റെ വിജയം' -ടി.കെ.ഗോവിന്ദൻ

> **Lead Summary:** **കണ്ണൂർ : ( **[www.truevisionnews.com]** )** സിപിഎം തെറ്റു തിരുത്താൻ പോകുന്നില്ലെന്ന് തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ.ഗോവിന്ദൻ. കണ്ണൂർ ഡിസിസി ഓഫിസിൽ എത്തിയതായിരുന്നു അദ്ദേഹം. സിപിഎമ്മിൽ തെറ്റുതിരുത്തൽ ചർച്ച നടക്കും. അത് വെറും അധര വ്യായാമമാണ്. അതിന്റെ പേരിൽ ആരും തെറ്റുതിരുത്തിയതായി അറിവില്ല. ആ ചടങ്ങ് ഇപ്പോഴും നടക്കും. ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല.

## Article Content

**കണ്ണൂർ : ( **[www.truevisionnews.com]** )** സിപിഎം തെറ്റു തിരുത്താൻ പോകുന്നില്ലെന്ന് തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ.ഗോവിന്ദൻ. കണ്ണൂർ ഡിസിസി ഓഫിസിൽ എത്തിയതായിരുന്നു അദ്ദേഹം. സിപിഎമ്മിൽ തെറ്റുതിരുത്തൽ ചർച്ച നടക്കും. അത് വെറും അധര വ്യായാമമാണ്. അതിന്റെ പേരിൽ ആരും തെറ്റുതിരുത്തിയതായി അറിവില്ല. ആ ചടങ്ങ് ഇപ്പോഴും നടക്കും. ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല.

പയ്യന്നൂരിൽ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത് ജനം വിശ്വസിച്ചു. പയ്യന്നൂർ സിപിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ്. അവിടെയാണ് പാർട്ടിക്കെതിരെ വൻ ഭൂരിപക്ഷത്തിൽ കുഞ്ഞികൃഷ്ണൻ ജയിച്ചത്. പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണത്.

തന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചത് യുഡിഎഫിന്റെ ഉശിരുള്ള പ്രവർത്തകരായിരുന്നു. സിപിഎമ്മിനകത്ത് നിലനിൽക്കുന്ന കുടുംബാധിപത്യത്തിനും അഴിമതിക്കുമെതിരായ ശക്തമായ പ്രതികരണമാണ് തളിപ്പറമ്പിലുണ്ടായത്. പാഠം പഠിക്കാൻ സിപിഎം തയാറാകുമോ എന്നാണ് ജനം ചോദിക്കുന്നത്. സിപിഎം നേതൃത്വം എടുക്കുന്ന നിലപാട് ജനം അംഗീകരിക്കുന്നില്ല. സിപിഎമ്മിനെ പാഠം പഠിപ്പിക്കുന്നതും യുഡിഎഫിന് ആവേശം നൽകുന്നതുമാണ് തിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് നേതൃത്വം ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താലും പിന്തുണയ്ക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടിവിടുകയായിരുന്നു. തുടർന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി തളിപ്പറമ്പിൽ മത്സരിച്ചു. ജയിച്ചശേഷം ആദ്യമായാണ് അദ്ദേഹം ഡിസിസി ഓഫിസിലെത്തിയത്.

ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീടും സന്ദർശിച്ചു. ഭാര്യ കെ.പി. രമണിയും ഒപ്പമുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും മറ്റുള്ളവരും ചേർന്ന് സ്വീകരിച്ചു. കോടിയേരിയുടെ പ്രതിമയ്ക്ക് മുന്നിൽ ഗോവിന്ദൻ പുഷ്പാർച്ച നടത്തുകയും ചിത്രങ്ങൾ കാണുകയും ചെയ്തു. കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357688/taliparamba-mla-designate-tk-govindan-says-cpm-is-not-going-to-correct-its-mistakes)