---
title: "ഐപിഎല്ലിൽ 'ബാലവേല' വിവാദം; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നതിനെതിരെ രാജസ്ഥാൻ റോയൽസിനെതിരെ പരാതി"
english_title: "Complaint filed against Rajasthan Royals for fielding Vaibhav Suryavanshi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357677/complaint-filed-against-rajasthan-royals-for-fielding-vaibhav-suryavanshi"
published_at: "2026-05-06T14:21:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb018bc8ba0_hfgjg.jpg"
keywords: []
---

# ഐപിഎല്ലിൽ 'ബാലവേല' വിവാദം; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നതിനെതിരെ രാജസ്ഥാൻ റോയൽസിനെതിരെ പരാതി

> **Lead Summary:** **[ **ഐപിഎല്ലിലെ യുവതാരം വൈഭവ് സൂര്യവംശിയെ കളത്തിലിറക്കിയതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസ് നിയമക്കുരുക്കിലേക്ക്.

## Article Content

**[ **ഐപിഎല്ലിലെ യുവതാരം വൈഭവ് സൂര്യവംശിയെ കളത്തിലിറക്കിയതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസ് നിയമക്കുരുക്കിലേക്ക്.

15 വയസ്സ് മാത്രം പ്രായമുള്ള വൈഭവിനെ ഐപിഎൽ പോലുള്ള കടുത്ത സമ്മർദ്ദമുള്ള വാണിജ്യ ലീഗിൽ കളിപ്പിക്കുന്നത് ബാലവേലയാണെന്ന് ആരോപിച്ച് കർണാടക സ്വദേശിയായ സാമൂഹിക പ്രവർത്തകൻ സി.എം. ശിവകുമാർ നായക് രംഗത്തെത്തി.

കുട്ടികൾ ഈ പ്രായത്തിൽ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും, വൈഭവിനെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തള്ളിവിടുന്നത് ബാലാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം വൈഭവിനെ കളിപ്പിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാനുള്ള പ്രായപരിധി 15 വയസ്സാണെന്നിരിക്കെ, വൈഭവ് ആ മാനദണ്ഡം പൂർത്തിയാക്കിയിട്ടുണ്ട്. 12-ാം വയസ്സിൽ ബിഹാറിനായി രഞ്ജി ട്രോഫി കളിച്ച് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച താരം, ബിസിസിഐയുടെയും ഐസിസിയുടെയും എല്ലാ നിബന്ധനകളും പാലിച്ചാണ് ഐപിഎല്ലിൽ എത്തിയത്.

കായിക മേഖലയെ മുൻപ് പലപ്പോഴും ബാലവേല നിയമങ്ങളിൽ നിന്ന് കോടതികൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, കോടികൾ പ്രതിഫലം ലഭിക്കുന്ന ഐപിഎൽ കരാറിന്റെ പശ്ചാത്തലത്തിൽ ഈ പരാതി നിയമപരമായി എങ്ങനെ നീങ്ങുമെന്നത് കായിക ലോകം ഉറ്റുനോക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357677/complaint-filed-against-rajasthan-royals-for-fielding-vaibhav-suryavanshi)