---
title: "സസ്പെൻസ് തുടർന്ന് കോൺഗ്രസ്; സോണിയയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല  "
english_title: "RameshChennithala returns after meeting with Sonia, CM talks in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357659/rameshchennithala-returns-after-meeting-with-sonia-cm-talks-in-kerala"
published_at: "2026-05-06T13:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faf20d6334b_ramesh.jpg"
keywords: []
---

# സസ്പെൻസ് തുടർന്ന് കോൺഗ്രസ്; സോണിയയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല  

> **Lead Summary:** **ഡൽഹി: ** കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെത്തിയാണ് അദ്ദേഹം സോണിയയുമായി ചർച്ച നടത്തിയത്.

## Article Content

**ഡൽഹി: ** കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെത്തിയാണ് അദ്ദേഹം സോണിയയുമായി ചർച്ച നടത്തിയത്.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം,   കേരളത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ഹൈക്കമാൻഡ് നിരീക്ഷകർ ഇന്ന് എത്തുമെന്നും നാളെ ഉച്ചയ്ക്ക് മുമ്പായി പാർലമെന്ററി പാർട്ടി യോഗം ചേരുമെന്നും സണ്ണി ജോസഫ് എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി ഓഫീസിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ള നേതാക്കൾ നിലവിലുണ്ട്. എല്ലാ എംഎൽഎമാർക്കും പങ്കെടുക്കാൻ സൗകര്യപ്രദമായ സമയം നോക്കിയായിരിക്കും നാളത്തെ യോഗം നിശ്ചയിക്കുക.

എംഎൽഎമാരുടെ അഭിപ്രായങ്ങൾ നിരീക്ഷകർ കേൾക്കുമെന്നും, തുടർന്ന് അവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357659/rameshchennithala-returns-after-meeting-with-sonia-cm-talks-in-kerala)