---
title: "കോഴിക്കോട്ടെ ചെങ്കോട്ടകളിൽ പോലും ദയനീയ പരാജയം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതായി ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ"
english_title: "Assembly elections, CPI(M) votes shifted to BJP, preliminary assessment of the district secretariat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357635/assembly-elections-cpim-votes-shifted-to-bjp-preliminary-assessment-of-the-district-secretariat"
published_at: "2026-05-06T11:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fadee389ff4_cpim.jpg"
keywords: []
---

# കോഴിക്കോട്ടെ ചെങ്കോട്ടകളിൽ പോലും ദയനീയ പരാജയം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതായി ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ

> **Lead Summary:** **കോഴിക്കോട്: **നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ സി.പി.ഐ.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞതായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് അടിയുറച്ച കോട്ടകളിൽ പോലും ഇത്തവണ ദയനീയ പരാജയമാണ് നേരിട്ടത്.

## Article Content

**കോഴിക്കോട്: **നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ സി.പി.ഐ.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞതായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് അടിയുറച്ച കോട്ടകളിൽ പോലും ഇത്തവണ ദയനീയ പരാജയമാണ് നേരിട്ടത്.

തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും അടിയുറച്ച പാർട്ടി വോട്ട് ബിജെപിക്ക് ചോർന്നതും തിരിച്ചടിക്ക് കാരണമായി. കോഴിക്കോട് നോർത്തിൽ 10000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഗൗരവമേറിയ വിഷയമെന്നും ആഴത്തിൽ പരിശോധിക്കണമെന്നും കോഴിക്കോട് നോർത്തിൽ പരാജയപ്പെട്ട സിപിഐഎം നേതാവ് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ വോട്ട് കിട്ടിയെന്ന് പറയാനാകില്ലെന്ന് ബിജെപി സ്ഥാനാർഥി ആയിരുന്ന നവ്യ ഹരിദാസ്  പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവരും വിശ്വാസികളും ബിജെപിക്ക് വോട്ട് ചെയ്തെന്ന് നവ്യ ഹരിദാസ് പറഞ്ഞു.

അതേസമയം നി യമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ എല്ലാ സീറ്റുകളെയും ഫലം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ പരാജയവും വിശദമായി പരിശോധിക്കും. ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചില്ല.

നാദാപുരത്തെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട വിമർശനം പരിശോധിക്കും. മൂന്നിടത്ത് ബി ജെ പി സീറ്റ് നേടിയത് വലിയ വിപത്തായി തന്നെ കാണണം. ഇതിനെ എല്ലാ മതേതരശക്തികളും ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല.

മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും. എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും'- ബിനോയ് വിശ്വം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357635/assembly-elections-cpim-votes-shifted-to-bjp-preliminary-assessment-of-the-district-secretariat)