---
title: "പഞ്ചാബ് ഭീതിയിൽ; കന്റോൺമെന്റിന് സമീപം സ്ഫോടനം, ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്കൂട്ടർ പൊട്ടിത്തെറിച്ചു"
english_title: "Scooter explodes in front of BSF headquarters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357592/scooter-explodes-in-front-of-bsf-headquarters"
published_at: "2026-05-06T10:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69facba0b0e7d_4.jpg"
keywords: []
---

# പഞ്ചാബ് ഭീതിയിൽ; കന്റോൺമെന്റിന് സമീപം സ്ഫോടനം, ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്കൂട്ടർ പൊട്ടിത്തെറിച്ചു

> **Lead Summary:** **ജലന്ധർ: [ **പഞ്ചാബിൽ മണിക്കൂറുകൾക്കിടെ ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങൾ സംസ്ഥാനത്തെ സുരക്ഷാ സേനയെയും പോലീസിനെയും വലിയ ജാഗ്രതയിലാഴ്ത്തിയിരിക്കുകയാണ്.

## Article Content

**ജലന്ധർ: [ **പഞ്ചാബിൽ മണിക്കൂറുകൾക്കിടെ ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങൾ സംസ്ഥാനത്തെ സുരക്ഷാ സേനയെയും പോലീസിനെയും വലിയ ജാഗ്രതയിലാഴ്ത്തിയിരിക്കുകയാണ്.

അമൃത്സറിലെ ഖാസാ കന്റോൺമെന്റ് മേഖലയിലുണ്ടായ സ്ഫോടനവും ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം സ്കൂട്ടർ പൊട്ടിത്തെറിച്ചതുമാണ് ആശങ്കയ്ക്ക് കാരണമായത്.

ചൊവ്വാഴ്ച രാത്രി 10.50-ഓടെ കന്റോൺമെന്റിന് സമീപമുണ്ടായ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അതീവ ഗൗരവത്തോടെയാണ് അധികൃതർ ഇതിനെ കാണുന്നത്.

സ്ഫോടനവിവരമറിഞ്ഞ് സൈനിക ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു.

അമൃത്സറിലെ സംഭവത്തിന് തൊട്ടുമുമ്പാണ് ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൊട്ടിത്തെറിച്ചത്.

ഈ അപകടത്തിൽ ഗുർപ്രീത് സിങ് എന്ന ഇരുപത്തിരണ്ടുകാരനായ ഡെലിവറി ജീവനക്കാരന് സാരമായ പരിക്കേറ്റു. സ്കൂട്ടറിൽ നിന്ന് ഗുർപ്രീത് താഴെ ഇറങ്ങിയ നിമിഷം തന്നെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.

ഇതൊരു സാധാരണ അപകടമാണോ അതോ ബോധപൂർവമായ സ്ഫോടനമാണോ എന്ന കാര്യത്തിൽ പോലീസ് ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല.

എന്നാൽ സ്കൂട്ടറിന് നേരെ ആരോ എന്തോ എറിഞ്ഞതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായതെന്ന് ഗുർപ്രീതിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

രണ്ട് സംഭവങ്ങളും ദുരൂഹതയുണർത്തുന്ന പശ്ചാത്തലത്തിൽ പഞ്ചാബിലുടനീളം സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലും തന്ത്രപ്രധാന മേഖലകളിലും പോലീസിനൊപ്പം സൈന്യവും നിരീക്ഷണം ശക്തമാക്കി.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സമാനമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് മാത്രമേ സംഭവങ്ങളുടെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357592/scooter-explodes-in-front-of-bsf-headquarters)