---
title: "ജബൽപുർ ബോട്ട് ദുരന്തം: ഓപ്പറേറ്റർക്കെതിരെ സ്വമേധയാ കേസെടുത്ത് കോടതി; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്"
english_title: "Jabalpur boat tragedy: Court takes suo motu action against operator; orders registration of FIR"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357579/jabalpur-boat-tragedy-court-takes-suo-motu-action-against-operator-orders-registration-of-fir"
published_at: "2026-05-06T09:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fabea0e0e49_orders_registration_of_FIR.jpg"
keywords: []
---

# ജബൽപുർ ബോട്ട് ദുരന്തം: ഓപ്പറേറ്റർക്കെതിരെ സ്വമേധയാ കേസെടുത്ത് കോടതി; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്

> **Lead Summary:** ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ 13 പേർ മരിക്കാനിടയാക്കിയ ബോട്ട് അപകടത്തിൽ ക്രൂയിസ് ബോട്ട് ഓപ്പറേറ്റർക്കും ജീവനക്കാർക്കുമെതിരെ ജബൽപുർ ജില്ലാ കോടതി സ്വമേധയാ കേസെടുത്തു. അപകടസമയത്ത് യാത്രക്കാരെ സഹായിക്കുന്നതിന് പകരം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഓപ്പറേറ്ററുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ കോടതി പോലീസിന് ഉത്തരവ് നൽകി.

## Article Content

ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ 13 പേർ മരിക്കാനിടയാക്കിയ ബോട്ട് അപകടത്തിൽ ക്രൂയിസ് ബോട്ട് ഓപ്പറേറ്റർക്കും ജീവനക്കാർക്കുമെതിരെ ജബൽപുർ ജില്ലാ കോടതി സ്വമേധയാ കേസെടുത്തു. അപകടസമയത്ത് യാത്രക്കാരെ സഹായിക്കുന്നതിന് പകരം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഓപ്പറേറ്ററുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ കോടതി പോലീസിന് ഉത്തരവ് നൽകി.

> സെക്ഷൻ 106 (അശ്രദ്ധ മൂലം മരണം സംഭവിക്കൽ), സെക്ഷൻ 110 (നരഹത്യ) എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആണ് കോടതി ഉത്തരവ്. "ക്രൂയിസിലെ പ്രവർത്തനങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ബോധ്യമുണ്ടായിരുന്ന ഓപ്പറേറ്റർ സുരക്ഷിതമായി പുറത്തുകടന്നു, എന്നാൽ മറ്റ് യാത്രക്കാരെ രക്ഷിക്കാൻ യാതൊരു ശ്രമവും നടത്തിയില്ല, അതുവഴി അവരെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു," എന്ന് കോടതി നിരീക്ഷിച്ചു.

'എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കിൽ ഭാവിയിലും സമാനമായ സംഭവങ്ങൾ ഉണ്ടായേക്കാം, അതിനാൽ കോടതി സ്വമേധയാ കേസെടുക്കുകയും അപകടസമയത്ത് അവിടെയുണ്ടായിരുന്ന ഡ്രൈവർക്കും മറ്റ് ബന്ധപ്പെട്ട വ്യക്തികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു' ഉത്തരവിൽ പറയുന്നു.

അതേസമയം, മുങ്ങിക്കൊണ്ടിരുന്നവരെ രക്ഷിക്കാൻ ശ്രമിച്ചവരെ കോടതി അഭിനന്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുള്ള ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ട് ദുരന്തത്തിൽ, രണ്ട് മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതോടെ മരണസംഖ്യ 13 ആയി ഉയർന്നു. തെരച്ചിൽ നടപടികൾ പൂർത്തിയായതായി ഞായറാഴ്ച ജബൽപൂർ ജില്ലാ ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357579/jabalpur-boat-tragedy-court-takes-suo-motu-action-against-operator-orders-registration-of-fir)