---
title: "വിജയ്‌യെ എതിർക്കില്ല; വിശ്വാസവോട്ടെടുപ്പിൽ നിന്ന് ഡിഎംകെ വിട്ടുനിന്നേക്കും, അന്തിമ തീരുമാനം നാളെ"
english_title: "DMK may abstain from trust vote"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357575/dmk-may-abstain-from-trust-vote"
published_at: "2026-05-06T09:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fabd4ec6114_1.jpg"
keywords: []
---

# വിജയ്‌യെ എതിർക്കില്ല; വിശ്വാസവോട്ടെടുപ്പിൽ നിന്ന് ഡിഎംകെ വിട്ടുനിന്നേക്കും, അന്തിമ തീരുമാനം നാളെ

> **Lead Summary:** **[ **തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ഡിഎംകെ രംഗത്തെത്തുന്നു. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരണത്തെ ആദ്യഘട്ടത്തിൽ എതിർക്കേണ്ടതില്ലെന്ന സുപ്രധാന തീരുമാനത്തിലേക്കാണ് ഡിഎംകെ നീങ്ങുന്നത്.

## Article Content

**[ **തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ഡിഎംകെ രംഗത്തെത്തുന്നു. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരണത്തെ ആദ്യഘട്ടത്തിൽ എതിർക്കേണ്ടതില്ലെന്ന സുപ്രധാന തീരുമാനത്തിലേക്കാണ് ഡിഎംകെ നീങ്ങുന്നത്.

ബിജെപിയെ ശക്തമായി എതിർത്ത് അധികാരത്തിലേറുന്ന വിജയ്‌യെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തടയുന്നത് ഗുണകരമാകില്ലെന്ന പൊതുവികാരമാണ് പാർട്ടിയിലുള്ളത്.

ഇതിന്റെ ഭാഗമായി സഭയിൽ വിശ്വാസവോട്ട് നടക്കുമ്പോൾ അതിൽ നിന്നും വിട്ടുനിൽക്കാനാണ് ഡിഎംകെ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ വൈകുന്നേരത്തോടെയുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഭരണത്തിലേറാൻ ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ വിജയ്‌യുടെ ടിവികെ തീവ്രശ്രമത്തിലാണ്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി സെക്യുലർ സർക്കാർ രൂപീകരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.

ഇതിനോടകം തന്നെ പിന്തുണ തേടി വിജയ് ഈ പാർട്ടികൾക്ക് കത്ത് നൽകിയിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ വ്യക്തമാക്കിയതോടെ സഖ്യസാധ്യതകൾ ഏറി.

അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കോൺഗ്രസ് കൂടി എത്തുന്നതോടെ ടിവികെ സഖ്യത്തിന്റെ സീറ്റ് നില 113 ആയി ഉയരും.

വിജയിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇടത് പാർട്ടികൾക്കിടയിലും അനുകൂല വികാരമാണുള്ളതെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയ്ക്ക് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.

ബിജെപിയെയും സഖ്യകക്ഷികളെയും അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന കർശന ഉപാധിയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

നീക്കങ്ങൾ സജീവമാകുന്നതോടെ മെയ് ഏഴിന് ചെന്നൈയിലെ സ്റ്റേഡിയത്തിൽ വെച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357575/dmk-may-abstain-from-trust-vote)