---
title: "സിബിഎസ്ഇ സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി നിർബന്ധം; ജൂലൈ ഒന്നിനകം ക്ലാസുകൾ തുടങ്ങണം"
english_title: "Trilingual scheme mandatory in CBSE schools; classes to start by July 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357567/trilingual-scheme-mandatory-in-cbse-schools-classes-to-start-by-july-1"
published_at: "2026-05-06T08:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fab2c391017_Trilingual_scheme_mandatory_in_CBSE_schools.jpg"
keywords: []
---

# സിബിഎസ്ഇ സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി നിർബന്ധം; ജൂലൈ ഒന്നിനകം ക്ലാസുകൾ തുടങ്ങണം

> **Lead Summary:** ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ. സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നു. ജൂലൈ ഒന്നുമുതൽ മൂന്നാം ഭാഷാ പഠനം ആരംഭിക്കണമെന്ന് കാണിച്ച് അഫിലിയേറ്റഡ് സ്കൂളുകൾക്ക് ബോർഡ് കർശന നിർദേശം നൽകി. ഇതുസംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകൾക്കും കൈമാറിക്കഴിഞ്ഞു.

## Article Content

ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ. സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നു. ജൂലൈ ഒന്നുമുതൽ മൂന്നാം ഭാഷാ പഠനം ആരംഭിക്കണമെന്ന് കാണിച്ച് അഫിലിയേറ്റഡ് സ്കൂളുകൾക്ക് ബോർഡ് കർശന നിർദേശം നൽകി. ഇതുസംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകൾക്കും കൈമാറിക്കഴിഞ്ഞു.

ഈ വർഷം ആറാം ക്ലാസിൽ മൂന്നാംഭാഷ പഠിപ്പിച്ചിരിക്കണമെന്ന കഴിഞ്ഞ മാസത്തെ ഉത്തരവിന്റെ തുടർച്ചയായാണ് പുതിയ നടപടി. മൂന്നാംഭാഷ ഇനിയും തിരഞ്ഞെടുത്തിട്ടില്ലാത്ത സ്‌കൂളുകൾ മേയ് 31നകം നടപടികൾ പൂർത്തിയാക്കി സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഭരണഘടനാപ്പട്ടികയിലുള്ള ഭാഷകളുടെ ഔദ്യോഗിക പാഠപുസ്തകങ്ങൾ ജൂലൈ ഒന്നിനുമുമ്പ് എൻസിഇആർടി, സിബിഎസ്ഇ വെബ്‌സൈറ്റുകളിൽ ലഭ്യമാക്കും. ഭരണഘടനാപ്പട്ടികയിൽ ഇല്ലാത്ത ഭാഷകളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ചട്ടങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാന ബോർഡുകളിലെ പാഠപുസ്തകങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ത്രിഭാഷാപഠനത്തിൽ കുറഞ്ഞത് രണ്ട് ഇന്ത്യൻ ഭാഷകളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പുതിയ പാഠ്യപദ്ധതി വ്യവസ്ഥ. 2026-27 അധ്യയനവർഷം മുതൽ ത്രിഭാഷാനയം പൂർണമായും നിർബന്ധമാക്കിയിട്ടുണ്ട്. ഈ വർഷം ആറാം ക്ലാസിൽ തുടങ്ങുന്ന ഈ രീതി ഓരോ വർഷവും തുടർന്നുള്ള ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ പത്താം ക്ലാസ് ബോർഡ് പരീക്ഷയെഴുതുന്ന 2031 ആകുമ്പോഴേക്കും രാജ്യത്ത് ത്രിഭാഷാനയം പൂർണമായി നടപ്പിലാകുമെന്ന് സിബിഎസ്ഇ അറിയിച്ചു. മാതൃഭാഷ, ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റൊരു ഇന്ത്യൻ ഭാഷ എന്നിവക്ക് പുറമെയാണ് മൂന്നാം ഭാഷയായി മറ്റൊരു ഇന്ത്യൻ ഭാഷ പഠിക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357567/trilingual-scheme-mandatory-in-cbse-schools-classes-to-start-by-july-1)