---
title: "ഓൺലൈൻ ഡെലിവറിയുമില്ല; പാചകവാതക വില വർധനവ്, സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് പണിമുടക്കും"
english_title: "Commercial cooking gas price hike, hotels in the state to remain closed today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357552/commercial-cooking-gas-price-hike-hotels-in-the-state-to-remain-closed-today"
published_at: "2026-05-06T06:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa9480bae3d_lpg.jpg"
keywords: []
---

# ഓൺലൈൻ ഡെലിവറിയുമില്ല; പാചകവാതക വില വർധനവ്, സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് പണിമുടക്കും

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്ര സ‍ർക്കാരിൻ്റെ വാണിജ്യ പാചക വാതക വില വ‍ർധനവിനെതിരെ പ്രതിഷേധിക്കാൻ ഹോട്ടലുടമകൾ. ഇന്ന് 24 മണിക്കൂർ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും.

## Article Content

**തിരുവനന്തപുരം: **കേന്ദ്ര സ‍ർക്കാരിൻ്റെ വാണിജ്യ പാചക വാതക വില വ‍ർധനവിനെതിരെ പ്രതിഷേധിക്കാൻ ഹോട്ടലുടമകൾ. ഇന്ന് 24 മണിക്കൂർ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും.

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ അടക്കം 24 മണിക്കൂർ അടച്ചിടും. ഓൺലൈൻ ഡെലിവറിയും ഉണ്ടാകില്ല.

19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയ സാഹചര്യത്തിലാണ് പ്രതിഷേധ പണിമുടക്ക്. ഉയർത്തിയ പാചക വാതക വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്നും പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്റേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ അടക്കമുള്ള നിരവധി വ്യാപാര സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പാചക വാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357552/commercial-cooking-gas-price-hike-hotels-in-the-state-to-remain-closed-today)